NationalNews

സുരക്ഷാ ഉദ്യോഗസ്ഥ മർദിച്ചെന്ന് കങ്കണ റണൗട്ട്; സംഭവം ചണ്ഡീഗഢ് വിമാനത്താവളത്തിൽ

ന്യൂഡല്‍ഹി: സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ മര്‍ദ്ദിച്ചന്നെ ആരോപണവുമായി ബി.ജെ.പി നേതാവും ഹിമാചല്‍ പ്രദേശിലെ മണ്ഡിയിൽനിന്നുള്ള നിയുക്ത എം.പിയുമായ കങ്കണ റണൗട്ട്. ഡല്‍ഹിയിലേക്കുള്ള യാത്രയ്ക്കായി ചണ്ഡീഗഢ് വിമാനത്താവളത്തിലെത്തിയപ്പോഴാണ് കങ്കണയ്ക്കുനേരെ ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ട്. താന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന തീവ്രവാദവും ഭീകരവാദവും തന്നെ ഭയപ്പെടുത്തുന്നെന്നും സംഭവത്തില്‍ കങ്കണ പ്രതികരിച്ചു.

‘ഞാന്‍ സുരക്ഷിതയാണ്. സുരക്ഷാ പരിശോധനയ്ക്കിടെയാണ് ചണ്ഡീഗഢ് വിമാനത്താവളത്തില്‍ വെച്ച് സംഭവമുണ്ടായത്. സുരക്ഷാ പരിശോധനയ്ക്കു ശേഷം പുറത്തുവന്നപ്പോള്‍ എന്നെ സി.ഐ.എസ്.എഫ് സുരക്ഷാ ഉദ്യോഗസ്ഥ മുഖത്ത് മര്‍ദിക്കുകയും ചീത്തപറയുകയും ചെയ്തു. കാരണം ചോദിച്ചപ്പോള്‍ അവര്‍ കര്‍ഷക സമരത്തെ അനുകൂലിക്കുന്ന ആളാണെന്ന് പറഞ്ഞു. ഞാന്‍ സുരക്ഷിതയാണെങ്കിലും പഞ്ചാബില്‍ വര്‍ധിച്ചുവരുന്ന ഭീകരവാദവും തീവ്രവാദവും എന്നെ ഭയപ്പെടുത്തുന്നു’, കങ്കണ എക്‌സില്‍ കുറിച്ചു.

വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയായിരുന്നു സംഭവം. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വിന്ദര്‍ കൗറാണ് മർദിച്ചതെന്നാണ് റിപ്പോർട്ട്. കര്‍ഷകസമരവുമായി ബന്ധപ്പെട്ട് മുൻപ് കങ്കണനടത്തിയ പരാമര്‍ശം സംബന്ധിച്ച് ഉദ്യോഗസ്ഥ കങ്കണയുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടെന്നും തുടർന്ന് മർദിക്കുകയായിരുന്നെന്നുമാണ് റിപ്പോർട്ട്. കങ്കണ ബോര്‍ഡിങ് ഏരിയയിലേക്ക് പോകുന്നതിനിടയിലായിരുന്നു സംഭവം.

കര്‍ഷകരെ അവഹേളിച്ചതിനാണ് മര്‍ദ്ദിച്ചതെന്ന് സംഭവത്തിനുശേഷം വനിതാ കോണ്‍സ്റ്റബിൾ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തേക്കുറിച്ച് അന്വേഷിക്കാൻ സി.ഐ.എസ്.എഫ് പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് കുല്‍വിന്ദര്‍ കൗറിനെ സി.ഐ.എസ്.എഫ് സസ്പെൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button