സുരേഷ് ഗോപി അപമാനിച്ചു ; കലുങ്ക് സംവാദത്തിന് പിന്നാലെ ബിജെപി പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു

തൃശൂർ ∙ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ കലുങ്ക് സംവാദത്തിൽ പങ്കെടുത്ത നാല് ബിജെപി പ്രവർത്തകർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. വരന്തരപ്പിള്ളിയിലെ പ്രസാദ്, രാജശ്രീ, സുമേഷ്, ശാലിനി എന്നിവർ കുടുംബാംഗങ്ങളോടൊപ്പം ബിജെപിയിൽ നിന്ന് രാജിവെച്ചതായി റിപ്പോർട്ട്. പാർട്ടി വിടാനുള്ള പ്രധാന കാരണം സുരേഷ് ഗോപിയോടുള്ള വിയോജിപ്പും, സംവാദത്തിനിടെ മന്ത്രിയുടെ അപമാനകരമായ പെരുമാറ്റവുമാണെന്ന് പ്രവർത്തകർ ആരോപിച്ചു.
വരന്തരപ്പിള്ളി പഞ്ചായത്തിലെ വേലുപ്പാടം വാർഡിൽ നിന്നുള്ള സജീവ ബിജെപി പ്രവർത്തകരായ ഇവർ, ഒക്ടോബർ 18-ന് കലുങ്ക് സംവാദത്തിൽ പങ്കെടുത്തതിനു പിന്നാലെ ഒക്ടോബർ 19-ന് കോൺഗ്രസിൽ ചേർന്നു.
“മന്ത്രിയുടെ പെരുമാറ്റം സഹിക്കാനാവാത്തതായതിനാലാണ് പാർട്ടി വിട്ടത്. സുരേഷ് ഗോപിയുടെ പ്രജകളല്ല ഞങ്ങൾ. രാഹുൽ ഗാന്ധി സാധാരണക്കാരുടെ ചായക്കടയിൽ പോയി ചായ കുടിക്കും, പക്ഷേ സുരേഷ് ഗോപിക്ക് അത് പറ്റില്ല,” എന്ന് പാർട്ടി വിട്ട പ്രസാദ് പറഞ്ഞു. പ്രവർത്തകരുടെ നീക്കം വരന്തരപ്പിള്ളിയിലെ ബിജെപി തട്ടകത്തിൽ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്.




