കാപിറ്റല്‍ പണിഷ്‌മെന്റ് വിവാദത്തെ തള്ളി കടകംപള്ളി

തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരായ കാപിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ തള്ളി മുന്‍മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. തിരുവനന്തപുരം സമ്മേളനത്തിലും ആലപ്പുഴ സമ്മേളനത്തിലും താന്‍ ഉണ്ടായിരുന്നു. ആരെങ്കിലും അങ്ങനെ പറഞ്ഞതായി തന്റെ ചെവിയില്‍ കേട്ടിട്ടില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. പിരപ്പന്‍ കോട് മുരളിയുടെയും സുരേഷ് കുറുപ്പിന്റെയും വെളിപ്പെടുത്തലുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വി എസ് അച്യുതാനന്ദന്റെ നിലപാടുകളോട് ചിലപ്പോള്‍ വിയോജിപ്പു പ്രകടിപ്പ് പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വിഎസിനെ ഹൃദയത്തിനകത്തു വെച്ച് ആരാധിക്കുന്നവരാണ് എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും. ചില നിലപാടുകളോട് യോജിക്കാന്‍ കഴിയാതിരുന്ന കാലത്തും, വി എസ് എന്ന ഉത്തമനായ കമ്യൂണിസ്റ്റിനെ ഹൃദയത്തില്‍വെച്ച് ആരാധിക്കുന്നവരാണ് കേരളത്തിലെ എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടി മെമ്പര്‍മാരും. ഒരാളുപോലും വിഎസിനെ തള്ളിപ്പറയുകയോ മോശമായി പറയുകയോ ചെയ്തതായി ഓര്‍മ്മയില്‍പ്പോലുമില്ല. കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പിരപ്പന്‍കോട് മുരളി കേട്ടത് ഒരു യുവാവില്‍ നിന്നാണ്, സുരേഷ് കുറുപ്പ് കേട്ടത് ഒരു വനിതയില്‍ നിന്നാണ്. എന്നാല്‍ അങ്ങനെയൊന്നും സംഭവിച്ചിട്ടില്ല എന്നത് വ്യക്തമാണ്. വിഎസ് നമ്മുടെ സ്വത്തല്ലേയെന്ന് ആവര്‍ത്തിച്ച് വിളിച്ചു പറയുന്ന പിണറായി വിജയനെ നമ്മള്‍ കേട്ടിട്ടുണ്ട്. പാര്‍ട്ടിയുടെ സ്വത്തായിട്ടാണ് വിഎസിനെ എല്ലാക്കാലത്തും കണ്ടിട്ടുള്ളത്.
ഇന്നലെയും ഇന്നും നാളെയും അങ്ങനെ തന്നെയായിരിക്കും. സ്വരാജ് സിപിഎമ്മിനകത്ത് ഉയര്‍ന്നു വരുന്ന യുവനേതാവാണ്. അയാള്‍ക്ക് വലിയ രാഷ്ട്രീയഭാവിയുണ്ട്. അതുകണ്ട മാധ്യമമേലാളന്മാര്‍ വലിയ വിഷയമായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതൊന്നും കേരളത്തില്‍ ഏല്‍ക്കില്ലെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.