
ഡിസിസി പുനഃസംഘടന സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുവെന്നും നന്നായി പ്രവര്‍ത്തിച്ചവരെ മാറ്റരുതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്. കെപിസിസി അധ്യക്ഷനെ ഡല്‍ഹിയില്‍ പോകുന്നതിന് മുന്നേ കാണണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല കാര്യങ്ങളും ചര്‍ച്ച ചെയ്തു. മുഖാമുഖം എത്തുമ്പോള്‍ പല കാര്യങ്ങളും സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് റവല്യൂഷണറി കമ്മ്യൂണിസ്റ്റാണെന്നും സുധാകരന് ആരോപിച്ചു. ജ്യോത്സ്യനെ കാണാന്‍ പോയത് റവല്യൂഷണറി കമ്മ്യൂണിസ്റ്റ് ആയതുകൊണ്ടാണ്. ജ്യോത്സ്യനെ കണ്ട് അദ്ദേഹം നാളും നക്ഷത്രവും കണ്ടെത്തി വന്നോട്ടെയെന്നും സുധാകരന് പരിഹസിച്ചു.
എം വി ഗോവിന്ദന് ജോത്സ്യനെ കാണാന്‍ പോയത് വിവാദമായിരുന്നു. ഇതിനു പിന്നാലെ ജ്യോത്സ്യന് മാധവ പൊതുവാള് പ്രതികരണവുമായി രംഗത്തെത്തുകയും ചെയ്തു. എം വി ഗോവിന്ദന് മുഹൂര്‍ത്തമോ സമയമോ ഒന്നും ചോദിച്ചിട്ടില്ല. സ്നേഹബന്ധങ്ങളില്‍ ജ്യോതിഷം കൂട്ടിക്കലര്‍ത്തേണ്ട കാര്യമില്ലെന്നും ജ്യോത്സ്യന് പ്രതികരിച്ചു.
പാര്‍ട്ടി നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്ന വിവാദത്തെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് പൂര്‍ണമായും നിഷേധിച്ചിരുന്നു. നേതാക്കള്‍ ജ്യോത്സ്യന്മാരെ കാണാന്‍ പോകുന്നുവെന്നതിനെ ചൊല്ലി സംസ്ഥാന സമിതിയില്‍ വിമര്‍ശനം ഉയര്‍ന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെയായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.