
കോണ്‍ഗ്രസില്‍ നേതൃമാറ്റം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നതിനിടെ മുതിര്‍ന്ന നേതാവ് എ.കെ.ആന്റണിയെ കണ്ട് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കുള്ളിലും പുറത്തും നടക്കുന്ന ചര്‍ച്ചകളില്‍ പരാതി അറിയിക്കാനാണ് സുധാകരന്‍ ആന്റണിയെ കണ്ടതെന്നാണ് റിപ്പോര്‍ട്ട്. പ്രസിഡന്റിനെ മാറ്റാനാണ് തീരുമാനമെങ്കില്‍ മാറിത്തരാം. എന്നാല്‍ പൊതുചര്‍ച്ചയ്ക്കിട്ട് തന്നെ അപമാനിക്കുന്നത് ഒഴിവാക്കണം. തനിക്ക് അനാരോഗ്യമാണെന്ന് ചിലര്‍ മനഃപൂര്‍വം പ്രചരിപ്പിക്കുന്നുവെന്നും സുധാകരന്‍ ആന്റണിയെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
എ.കെ.ആന്റണിയെ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുക വഴി കേന്ദ്ര നേതൃത്വത്തെ തന്റെ നിലപാട് അറിയിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സുധാകരൻ. നേതൃമാറ്റം സംബന്ധിച്ച് കഴിഞ്ഞ ദിവസം കെ.സുധാകരന്‍ നടത്തിയ പ്രസ്താവനയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
നേതൃമാറ്റം സംബന്ധിച്ച് ഹൈക്കമാന്‍ഡ് തീരുമാനമെടുത്തു കഴിഞ്ഞുവെന്ന സൂചനകള്‍ പുറത്തുവരുന്നതിനിടെ അങ്ങനെയൊരു തീരുമാനവുമില്ലെന്ന് സുധാകരന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അസുഖമാണെന്നു പ്രചരിപ്പിച്ചു തന്നെ മൂലയ്ക്കിരുത്താന്‍ പാര്‍ട്ടിയില്‍ ഒരു ഗ്രൂപ്പ് ശ്രമിക്കുകയാണെന്നും സുധാകരന്‍ തുറന്നടിച്ചിരുന്നു.