KeralaNews

കണ്ണൂരിൽ സുധാകരനെതിരെ പടയൊരുക്കം; എം.പി മത്സരിക്കുന്നതിനെതിരെ 10 മണ്ഡലം കമ്മിറ്റികൾ; ഹൈക്കമാൻഡിന് പിന്നാലെ സ്വന്തം തട്ടകത്തിലും ‘കെ.എസ്’ പ്രതിസന്ധിയിൽ

കണ്ണൂർ: ഹൈക്കമാൻഡിനോട് കലാപക്കൊടി ഉയർത്തി കണ്ണൂർ സീറ്റ് പിടിച്ചുവാങ്ങുമെന്ന നിലയിലെത്തി നിൽക്കുന്ന കെ സുധാകരന് സ്വന്തം തട്ടകത്തിൽ തിരച്ചടി. സുധാകരൻ മത്സരിക്കുന്നതിൽ കോൺഗ്രസ് കണ്ണൂർ നിയോജക മണ്ഡലം യോഗത്തിൽ എതിർപ്പ് ഉയർന്നു. സുധാകരൻ ജയിച്ചാൽ കണ്ണൂർ ലോക്സഭ സീറ്റിൽ ഉപതിരഞ്ഞെടുപ്പ് നേരിടാൻ പറ്റില്ലെന്നാണ് ഭാരവാഹികളുടെ അഭിപ്രായം. പത്ത് മണ്ഡലം കമ്മിറ്റികളും വിയോജിപ്പ് അറിയിച്ചു.

സുധാകരന്‍റെ അനാരോഗ്യം കൂടി കണക്കിലെടുക്കണമെന്നാണ് നേതാക്കളുടെ അഭിപ്രായം. അതേസമയം കണ്ണൂർ സീറ്റ് സുധാകരന് നൽകുമെന്നാണ് ധാരണയെങ്കിലും അന്തിമ പ്രഖ്യാപനം ഇനിയും ഉണ്ടായിട്ടില്ല. എം പിമാർക്ക് സീറ്റ് നൽകില്ലെന്ന് ചൂണ്ടിക്കാട്ടി സുധാകരന്‍റെ സ്ഥാനാർഥിത്വം ഹൈക്കമാൻഡ് ആദ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ പാർട്ടി വിടുമെന്ന് ഭീഷണി മുഴക്കി സുധാകരൻ വാർത്താ സമ്മേളനം വിളിച്ചിരുന്നു. നേതാക്കളെ ഫോൺ വിളിച്ച് ‘ഗുഡ് ബൈ’ പറഞ്ഞ സുധാകരൻ, താനടക്കം 15 പേർ കോൺഗ്രസ് സ്ഥാനാർഥികൾക്കെതിരെ മത്സരിക്കുമെന്നും പ്രഖ്യാപിച്ചതോടെയാണ് ഹൈക്കമാൻഡ് മുട്ടുമടക്കിയെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button