‘അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം’; കെ സുധാകരന്‍

0

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി കെട്ടിടം തകര്‍ന്നുവീണ് ഒരു സ്ത്രീ മരിച്ച സംഭവം കേരളത്തിന് അപമാനമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കെ സുധാകരന്‍ എംപി . ഒരുകാലത്ത് ലോകത്തിന് തന്നെ മാതൃകയായ കേരളത്തിലെ പൊതുജന ആരോഗ്യരംഗം നമ്മുടെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണെന്നും പാവപ്പെട്ടവരുടെ അതുരാലയമായ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ നടന്ന ഈ ദാരുണ സംഭവത്തില്‍ നിന്ന് ആരോഗ്യവകുപ്പിന് ഒഴിഞ്ഞുമാറാനാവില്ലെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

അപകടം നടന്ന മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിയ മന്ത്രിമാര്‍ രക്ഷാപ്രവര്‍ത്തനം നടത്താതെ ഭരണനേട്ടങ്ങള്‍ ക്യാമറയിലൂടെ വിളിച്ചുപറയുകയാണ് ചെയ്തതെന്നും കെ സുധാകരന്‍ ആരോപിച്ചു. അപകടം നടന്ന സ്ഥലത്ത് കൃത്യമായ പരിശോധന നടത്താതെ ,തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ ആരും കുടുങ്ങിക്കിടക്കുന്നില്ലെന്ന് കേരളത്തോട് വിളിച്ചു പറഞ്ഞ ഈ മന്ത്രിമാര്‍ ഏത് ലോകത്താണ് ജീവിക്കുന്നത്. ഇവര്‍ കേരളത്തിന് അപമാനമാണ് .അപകടം നടന്ന ഉടന്‍തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നുവെങ്കില്‍ ഒരു ജീവന്‍ രക്ഷിക്കാമായിരുന്നു. പി ആര്‍ ഏജന്‍സികള്‍ ഊതിവീര്‍പ്പിച്ച ബലൂണിന്റെ പുറത്തിരുന്ന് ഭരണം നടത്തുന്ന പിണറായി വിജയന്‍ സര്‍ക്കാര്‍ അടിയന്തരമായി ആരോഗ്യ മന്ത്രിയെ പുറത്താക്കി കേരളത്തിന്റെ ആരോഗ്യവകുപ്പിനെ രക്ഷിക്കണം – അദ്ദേഹം വ്യക്തമാക്കി.

കോട്ടയം മെഡിക്കല്‍ കോളജില്‍ ആശുപത്രിക്കെട്ടിടം തകര്‍ന്ന് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ് മരിച്ചത്. രണ്ട് പേര്‍ക്ക് പരുക്കേറ്റു. 68 വര്‍ഷം പഴക്കമുള്ള കെട്ടിടം തകര്‍ന്നുവീണ് രണ്ടു മണിക്കൂറിനു ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്. അപകടത്തെകുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. മുത്തശ്ശിയുടെ കൂട്ടിരിപ്പിന് എത്തിയ വയനാട് മീനങ്ങാടി സ്വദേശിയായ പതിനൊന്നുകാരി അലീനാ വിന്‍സെന്റ്, കാഷ്വാലിറ്റി ജീവനക്കാരന്‍ അമല്‍ പ്രദീപ് എന്നിവര്‍ക്കാണ് പരുക്കേറ്റത്. കാലപ്പഴക്കവും ബലക്ഷയവും കാരണം കെട്ടിടം അടച്ചിട്ടിരിക്കുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here