Kerala

‘ക്ഷമിക്കുക, അൽപ്പം സമയമേയുള്ളു, ജൽപ്പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ല’; തുടര്‍ ഭരണ വിവാദത്തിൽ പ്രതികരിച്ച് കെ സച്ചിദാനന്ദൻ

തൃശൂര്‍: തുടര്‍ ഭരണ വിവാദത്തിൽ വീണ്ടും പ്രതികരണവുമായി കവിയും കേരള സാഹിത്യ അക്കാദമി ചെയര്‍മാനുമായ കെ സച്ചിദാനന്ദൻ. ക്ഷമിക്കുക അൽപ്പം സമയമേയുള്ളുവെന്നും ജൽപ്പനങ്ങള്‍ക്ക് പ്രതികരിച്ച് സമയം കളയാനില്ലെന്നും കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. ഇനി ഈ വിഷയത്തിൽ പ്രതികരിക്കാനില്ലെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു. ഇടതുപക്ഷത്തു നിന്നാണ് ഇടതുപക്ഷത്തിന്‍റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏതുപാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും എത്രയോ തവണ പറഞ്ഞതാണ്. എന്നാൽ, എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നതെന്ന് തമാശയോടെ കാണുകയാണെന്നും കെ സച്ചിദാനന്ദൻ പറഞ്ഞു. ഒരു പൊതു തത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളിലേക്ക് ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികൾ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റു ഇടുന്നത് കാണുന്നുപോലുമില്ലെന്നും ഏതായാലും കുറെ പേര്‍ക്ക് ഉപജീവനമാകാൻ കഴിഞ്ഞതില്‍ സന്തോഷമെന്നും ഇനി ഈ വിഷയത്തില്‍ പ്രതികരണമില്ലെന്നും ഈ പറയുന്ന കാര്യങ്ങളും ഉദ്ധരിയ്ക്കാമെന്നും നാളെയ്ക്കുള്ള വഴി ആയല്ലോയെന്നും കെ സച്ചിദാനന്ദൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

കെ സച്ചിദാനന്ദന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

ഇടതു പക്ഷത്തു നിന്നാണ് ഇടതു പക്ഷത്തിന്‍റെ വീഴ്ചകളെ വിമര്‍ശിക്കുന്നതെന്നും കോണ്‍ഗ്രസ് ഉള്‍പ്പെടെ ഏതു പാര്‍ട്ടി ഭരിച്ചാലും സ്വയം വിമര്‍ശനം ഇല്ലെങ്കില്‍ അപ്രമാദിത്വം തോന്നാമെന്നും ഞാന്‍ എത്രയോ കുറി പറഞ്ഞതിനെ എന്തെല്ലാമായാണ് ഇവിടെയും പൊതുമാധ്യമങ്ങളിലും വ്യാഖ്യാനിക്കുന്നത് എന്ന് തമാശയോടെ കാണുന്നു. പ്രതികരണങ്ങള്‍ കാണുമ്പോൾ ചില സുഹൃത്തുക്കള്‍ക്ക് വേദനിച്ചു എന്നുകണ്ട് പോസ്റ്റില്‍ ഒരു വാക്കു തിരുത്തിയാല്‍ പോലും വാര്‍ത്തയാണ്. ഇതിനെയും നമ്മുടെ സമൂഹം എഴുത്തുകാര്‍ക്ക് നല്‍കുന്ന പ്രാധാന്യമായി വ്യാഖ്യാനിച്ച് അഭിമാനം കൊള്ളാം. ഒരു പൊതു തത്വത്തെപ്പോലും ഇവിടത്തെ പാര്‍ട്ടിയുദ്ധങ്ങളി ലേക്കു ചുരുക്കി ദുര്‍വ്യാഖ്യാനം ചെയ്യുന്ന അല്‍പ്പ ബുദ്ധികൾ ഞാന്‍ നിരന്തരം വലതുപക്ഷത്തെ വിമര്‍ശിച്ചു പോസ്റ്റു ഇടുന്നത് കാണുന്നു പോലുമില്ല. ഏതായാലും കുറെ പേര്‍ക്ക് ഉപജീവനം ആകാൻ കഴിഞ്ഞതില്‍ സന്തോഷം. ഇനി ഈ വിഷയത്തില്‍ പ്രതികരണം ഇല്ല. ക്ഷമിക്കുക, അല്‍പ്പം സമയമേയുള്ളൂ. ജല്‍പ്പനങ്ങള്‍ക്ക് പ്രതികരിച്ച് അത് കളയാനുമില്ല. ഇതും ഉദ്ധരിക്കാം. നാളെയ്ക്കുള്ള വഴി ആയല്ലോ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button