Kerala

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ പുനരധിവാസ പട്ടികയിലെ അപാകത; ക്ലറിക്കൽ മിസ്റ്റേക്കെന്ന് കെ രാജൻ

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി തയ്യാറാക്കിയ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയിൽ പാകപ്പിഴയെന്ന ആരോപണത്തോട് പ്രതികരിച്ച് മന്ത്രി കെ രാജൻ. മന്ത്രിയുടെ ഓഫീസ് പട്ടിക കണ്ടിട്ടില്ലെന്നും കാണേണ്ട കാര്യമില്ലെന്നും കെ രാ​ജൻ വ്യക്തമാക്കി. അഭിപ്രായങ്ങൾ കേട്ടശേഷം ശരിയായ നിലപാട് സർക്കാർ സ്വീകരിക്കും. ഡിഡിഎംഎ കണ്ടിട്ടുള്ള ലിസ്റ്റ് ആണ് ഇപ്പോൾ ജനങ്ങൾക്ക് മുൻപിൽ അവതരിപ്പിച്ചത്. രണ്ട് ഫേസിലും ഉൾപ്പെടുന്നവർക്ക് ഒരുമിച്ച് താമസം ആരംഭിക്കാനുള്ള നടപടികളാണ് സർക്കാർ എടുക്കുക. ആശങ്ക വേണ്ടന്നും മന്ത്രി പറഞ്ഞു.

പുനരധിവാസ നടപടിയിൽ ഒരാളെയും ഒഴിവാക്കില്ല. എല്ലാവരെയും ഉൾപ്പെടുത്തിയിട്ടുള്ള പട്ടികയാണ് അവസാനമായി ഉണ്ടാവുക. പരാതികൾ കേട്ട ശേഷം ഉള്ള പുതിയ ലിസ്റ്റ് ഡിഡിഎംഎ തന്നെ പുറത്തുവിടും. അതിലും പരാതിയുണ്ടെങ്കിൽ സർക്കാർ ഇടപെടും. ഉദ്യോഗസ്ഥ തല വീഴ്ചയുണ്ടോ എന്ന് പരിശോധിക്കും. വീഴ്ച ഉണ്ടെങ്കിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കെ രാജൻ പറഞ്ഞു. ക്ലറിക്കൽ മിസ്റ്റേക്കുളളത് ഗൗരവമായ വിഷയമാണ്. ജില്ലാ കളക്ടറോട് വിശദീകരണം തേടിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഉരുൾപൊട്ടൽ പുനരധിവാസത്തിനായുള്ള ടൗൺഷിപ്പിൽ ഗുണഭോക്താക്കളുടെ ആദ്യ കരട് പട്ടികയിൽ പാകപ്പിഴയെന്ന് ചൂണ്ടികാട്ടി കഴിഞ്ഞ ദിവസം പ്രതിഷേധമുണ്ടായിരുന്നു. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലാണ് പ്രതിഷേധമുണ്ടായത്. ജനകീയ ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുണ്ടക്കൈ 11-ാം വാർഡിലെ ദുരന്തബാധിതരാണ് പ്രതിഷേധവുമായി എത്തിയത്. തങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെടാത്തതും ചിലരുടെ പേര് ഒന്നിൽ കുടുതൽ തവണ ആവർത്തിച്ചതും ചൂണ്ടികാട്ടിയിരുന്നു. ഒരു വാർഡിൽ മാത്രം 70 ഡബിൾ എൻട്രിയാണ് വന്നിരിക്കുന്നതെന്നും പ്രതിഷേധക്കാർ പറഞ്ഞിരുന്നു. ഇതിന്റെ പട്ടികയും ഇവരുടെ പക്കലുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button