കെ റെയില്‍ കേരളത്തിന് പൂര്‍ണമായും വേണ്ട പദ്ധതി: മുഖ്യമന്ത്രി

0

കൊച്ചി: കെ റെയില്‍ സംസ്ഥാനത്ത് പൂര്‍ണമായും നടപ്പാക്കേണ്ട പദ്ധതിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലായിടത്തും അതിവേഗ ട്രെയിനുകള്‍ ഓടുന്നുണ്ട്. അത്തരമൊരു പദ്ധതിയാണ് കെ റെയില്‍ കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉദ്ദേശിച്ചത്. സാധാരണ ഗതിയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്ന വര്‍ത്തമാനങ്ങള്‍ അനുസരിച്ചാണെങ്കില്‍ അതിന് അംഗീകാരം തരേണ്ടതാണ്. എന്നാല്‍ ഇവിടെ ചിലര്‍ ഇതിനെ എതിര്‍ത്തപ്പോള്‍, അതിന്റെ കൂടെ നില്‍ക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതേത്തുടര്‍ന്ന് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ മനസ്സിലാക്കി. അതിനാല്‍ ഞങ്ങള്‍ പദ്ധതി നിര്‍ത്തിവച്ചു. അങ്ങനെയിരിക്കുമ്പോഴാണ് ഇ ശ്രീധരന്‍ പുതിയ പ്രൊപ്പോസലുമായി മുന്നോട്ടു വന്നത്. ഇതു നടപ്പാക്കാന്‍ പറ്റുമെന്നാണ് അദ്ദേഹം പറഞ്ഞത്. നമ്മുടെ പദ്ധതിയുമായി കുറേ വ്യത്യാസമുണ്ട്. എന്നാല്‍ റെയില്‍വേയല്ലേ, വരട്ടെ എന്ന ധാരണയാണ് നമ്മളെ നയിച്ചത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ സമീപനം എന്താണെന്ന് അറിയേണ്ടതുണ്ട്. കേന്ദ്രമന്ത്രിയോട് തന്നെ ഇക്കാര്യം നേരിട്ട് വിളിച്ച് അറിയിച്ചിരുന്നു.

താന്‍ പോയപ്പോള്‍ കാണാന്‍ സാധിക്കാതിരുന്നതിനാല്‍, ഡല്‍ഹിയിലെ സര്‍ക്കാരിന്റെ പ്രതിനിധി കെ വി തോമസ് മുഖാന്തിരം പദ്ധതി നിര്‍ദേശം കേന്ദ്രമന്ത്രിയുടെ പക്കല്‍ എത്തിച്ചു. എന്നാല്‍ അതില്‍ ഇതുവരെ മറുപടിയും ഉണ്ടായിട്ടില്ല. കേന്ദ്രത്തിന്റെ അഭിപ്രായം അറിയാതെ അതുമായി ഇറങ്ങി പുറപ്പെട്ടിട്ടിട്ട് കാര്യമില്ലല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിക്കായി സ്ഥലമേറ്റെടുക്കാനുള്ള കല്ലിടല്‍ വിവാദവും മുഖ്യമന്ത്രി പരാമര്‍ശിച്ചു.

സാധാരണ ഗതിയില്‍ ഒരു പദ്ധതിയ്ക്ക് സ്ഥലം ഏറ്റെടുക്കേണ്ടേ. ആ സ്ഥലം എടുത്തു തുടങ്ങുന്നതല്ലേയുള്ളൂ. പദ്ധതി അംഗീകാരം കിട്ടിയാലല്ലേ സ്ഥലം ഏറ്റെടുക്കൂ. പദ്ധതിക്ക് അംഗീകാരം കിട്ടുമെന്ന് കണക്കാക്കിയാണല്ലോ കല്ലിടുന്നത്. പദ്ധതിക്ക് അംഗീകാരം കിട്ടില്ലെന്ന് അന്ന് യാതൊരു തരത്തിലും കണക്കാക്കേണ്ട കാര്യമില്ല. പൂര്‍ണമായി നടപ്പാക്കേണ്ട പദ്ധതിയാണത്. അതിന് ഏതെങ്കിലും തരത്തിലുള്ള തടസ്സം പറഞ്ഞിട്ടുമില്ല. രാഷ്ട്രീയമായിട്ട് വന്ന പ്രശ്നമാണ്. ഇപ്പോ വേണ്ടാന്നാണ്. ഇപ്പോ വേണ്ടാന്ന് വെച്ചാല്‍ നമ്മുടെ നാടിനാണ് അത് നഷ്ടം. മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here