KeralaNationalNews

ഇന്ത്യാ-പാക് സംഘര്‍ഷം; പഞ്ചാബില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് നാട്ടിലെത്താന്‍ സഹായം ഒരുക്കി കെ.സി വേണുഗോപാല്‍ എം.പി

ഇന്ത്യാ-പാകിസ്ഥാന്‍ സംഘര്‍ഷം വഷളയതോടെ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ ഉന്നത പഠനത്തിനായി പോയ മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായതോടെ തിരികെ നാട്ടിലെത്താന്‍ കഴിയതെ പഞ്ചാബിലെ വിവിധ സര്‍വകലാശാലകളിലായി ധാരളം വിദ്യാര്‍ത്ഥികള്‍ കുടുങ്ങി.

പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ മലയാളി വിദ്യാര്‍ത്ഥികളാണ് തിരിച്ചു വരാന്‍ കഴിയാതെ പ്രയാസം നേരിട്ട അനുഭവം ആദ്യം പങ്കുവെച്ചത്. പഞ്ചാബ് സര്‍ക്കാരോ യൂണിവേഴ്സിറ്റിയോ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നില്ലഎന്ന ആക്ഷേപം ശക്തമാണ്. സര്‍വകലാശാലകളുടെ നടപടികളില്‍ പരിഭ്രാന്തരായ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ സഹായം അഭ്യര്‍ത്ഥിച്ച് കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍ മഹേഷിനെയും സമീപിച്ചു. സി.ആര്‍ മഹേഷ് എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കള്‍ രക്ഷകര്‍ത്താക്കളുടെയും കുട്ടികളുടെയും ആശങ്കയും ദുരിതവും കെ.സി വേണുഗോപാല്‍ എം.പിയെ ധരിപ്പിച്ചു. ഇതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തുറന്നത്.

വിദ്യാര്‍ത്ഥികളുടെ ദുരിതം മനസിലാക്കിയ വേണുഗോപാല്‍ വിഷയത്തില്‍ ഇടപെട്ടു.വിദ്യാര്‍ത്ഥികളെ തിരികെ നാട്ടിലേക്ക് വിടണമെന്നും പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എം.പി സര്‍വ്വകലാശാല വൈസ് ചാന്‍സിലറെ നേരിട്ട് വിളിച്ചു. കെ.സി.വേണുഗോപാലിന്റെ ആവശ്യം ന്യായമാണെന്ന് മനസിലാക്കിയ വൈസ് ചാന്‍സിലര്‍ പരീക്ഷ മാറ്റിവയ്ക്കാന്‍ ഉത്തരവിട്ടു. ഇതോടെ നാട്ടിലേക്ക് സമാധാനമായി തിരികെ മടങ്ങുന്നതിന് വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍പിലുള്ള ആദ്യ കടമ്പ ഒഴിവായി.

സംഘര്‍ഷ സാഹചര്യത്തില്‍ സുരക്ഷിത യാത്രാ മാര്‍ഗങ്ങളിലൂടെ നാട്ടിലെത്തുകയെന്നത് വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുണ്ടായിരുന്ന അടുത്ത വെല്ലുവിളിയായി. കെ.സി വേണുഗോപാല്‍ പഞ്ചാബിലെ കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിതമായി ഡല്‍ഹിയില്‍ എത്താനുള്ള സാഹചര്യം ഒരുക്കി.

കെ.സി.വേണുഗോപാലിന്റെ നിര്‍ദ്ദേശം അനുസരിച്ച് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യാനുള്ള സൗകര്യങ്ങള്‍ സജ്ജമാക്കി.യുദ്ധസമാനമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് പഞ്ചാബില്‍ പോലീസും മറ്റുസേനാ വിഭാഗങ്ങളും ഒരുക്കിയിട്ടുള്ളത്. എന്നാല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘം സുരക്ഷിതമായി ഡല്‍ഹിയില്‍ എത്തി. അവിടെ നിന്ന് കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. സുരക്ഷിതമായി തിരികെ വീട്ടിലെത്താന്‍ സഹായിച്ച എം.പിക്ക് വിദ്യാര്‍ത്ഥികളും കുടുംബവും നന്ദി അറിയിച്ചു.കെ.സി.വേണുഗോപാലിന്റെ സമയോജിതമായ ഇടപെടലാണ് തങ്ങളുടെ കുട്ടികളെ നാട്ടിലെത്തിക്കാന്‍ സഹായകമായതെന്ന് രക്ഷകര്‍ത്താക്കള്‍ പ്രതികരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button