
ചാരപ്രവൃത്തിക്ക് അറസ്റ്റിലായ ജ്യോതി മൽഹോത്ര പഹൽഗാം ആക്രമണത്തിന് മുൻപ് പാകിസ്ഥാൻ സന്ദർശിച്ചതായി കണ്ടെത്തി. സാമൂഹിക മാധ്യമങ്ങളിലെ ഇൻഫ്ലുവൻസേഴ്സിനെ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി പാകിസ്ഥാൻ ഇന്റലിജൻസ് ജ്യോതിയെ റിക്രൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നതായും കണ്ടെത്തി.
അതേസമയം ജ്യോതി ചൈനയിലടക്കം യാത്ര ചെയ്തിരുന്നതായും വരുമാനത്തിന്റെ സ്രോതസ് അന്വേഷിക്കുന്നതായും പൊലീസ് പറഞ്ഞു. നിലവിൽ അഞ്ചുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ജ്യോതി. കേന്ദ്ര ഏജൻസികളടക്കം ജ്യോതിയെ ചോദ്യം ചെയ്തുവരികയാണ്. സാമ്പത്തിക കാര്യങ്ങളിൽ വ്യക്തത വരുത്തുക, യാത്ര ചെയ്ത സ്ഥലങ്ങൾ ഏതെല്ലാമെന്ന് കണ്ടെത്തുക എന്നിവയെല്ലാമാണ് ചോദ്യം ചെയ്യലിന്റെ ലക്ഷ്യം.
ജ്യോതിക്ക് പുറത്തുനിന്ന് പണം ലഭിച്ചിരുന്നതായി അന്വേഷണ സംഘം ശക്തമായി സംശയിക്കുന്നുണ്ട്. പാകിസ്ഥാൻ ഇന്റലിജൻസ് ജീവനക്കാരുമായി ജ്യോതി നേരിട്ട് ബന്ധം പുലർത്തിയിരുന്നുവെന്നും പഹൽഗാമിന്റെ പശ്ചാത്തലത്തിലും അവരുമായി ബന്ധമുണ്ടായിരുന്നത് ഏറെ ഗുരുതരമായ കാര്യമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മകൾ പാകിസ്ഥാനിലേക്ക് പോയത് വീഡിയോ ഷൂട്ട് ചെയ്യാനായിരുന്നുവെന്നും എല്ലാ അനുമതിയോടും കൂടിയായിരുന്നു യാത്രയെന്നും പിതാവ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യൂട്യൂബറായ ജ്യോതി മൽഹോത്ര ഉൾപ്പെടെയുള്ള ആറ് പേരാണ് പാകിസ്ഥാൻ ചാരപ്രവൃത്തി ചെയ്തതിന് അറസ്റ്റിലായത്. ഇവർ പാകിസ്ഥാന് ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്.



