
ചാരവൃത്തി കേസിൽ താന്‍ നിരപരാധിയാണെന്ന് അറസ്റ്റിലായ ജ്യോതി മല്‍ഹോത്ര. ജയിലില്‍ തന്നെ സന്ദര്‍ശിച്ച പിതാവ് ഹരിഷ് മല്‍ഹോത്രയോടാണ് ഈ കേസില്‍ താന്‍ നിരപരാധിയാണെന്ന് ജ്യോതി മല്‍ഹോത്ര പറഞ്ഞത്. 14 ദിവസത്തെ പോലീസ് കസ്റ്റഡിയിലെ ആദ്യ ദിവസം ഹിസാറിലെ സെന്‍ട്രല്‍ ജയില്‍ നമ്പര്‍ 2-ല്‍ ജ്യോതിയെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഹരിഷ് മല്‍ഹോത്ര തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നിലവിൽ ജ്യോതിയെ കോടതി 14 ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് ഇന്ത്യയില്‍ ബ്ലാക്ക് ഔട്ട് ഏര്‍പ്പെടുത്തിയതിനേക്കുറിച്ചുള്ള വിവരങ്ങള്‍ പാകിസ്ഥാന് ചോര്‍ത്തി നല്‍കിയെന്നതാണ് ജ്യോതിക്കെതിരായ പ്രധാന ആരോപണം.
പാകിസ്ഥാൻ ഇന്റലിജന്‍സ് വിഭാഗത്തിലെ ജീവനക്കാരുമായി ജ്യോതി ബന്ധപ്പെട്ടിരുന്നതായും പോലീസ് സംശയിക്കുന്നുണ്ട്. അതേസമയം, ജ്യോതിക്ക് തന്ത്രപ്രധാനമായ സൈനിക, പ്രതിരോധ വിവരങ്ങള്‍ ലഭ്യമായത് സംബന്ധിച്ച് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് എസ്പി ശശാങ്ക് കുമാര്‍ സാവന്‍ പറഞ്ഞു. കൂടാതെ, ഏതെങ്കിലും തീവ്രവാദ പ്രവര്‍ത്തികളുമായോ സംഘടനയുമായോ ബന്ധമുണ്ടെന്നതിനും തെളിവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫോറന്‍സിക് വിഭാഗത്തിന്റെ അന്വേഷണത്തില്‍ ജ്യോതി കുറഞ്ഞത് നാല് പാകിസ്ഥാൻ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്നാണ് ലഭ്യമായ വിവരം.