Blog

ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യ, സത്യപ്രതിജ്ഞ 24ന്

അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യയായി ജസ്റ്റിസ് സൂര്യകാന്തിനെ നിയമിച്ചു. അടുത്ത മാസം 24ന് സത്യപ്രതിജ്ഞ ചെയ്യും. ഇതുസംബന്ധിച്ച് രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് വിരമിക്കുന്നതോടെയാണ് നിയമനം. 53ാമത് ചീഫ് ജസ്റ്റിസ് ആയിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 2027 ഫെബ്രുവരി 9 വരെയായിരിക്കും കാലാവധി.

അടുത്ത ചീഫ് ജസ്സിസ് ആയി നിലവിലെ ചീഫ് ജസ്റ്റിസ് ബി ആർ ഗവായി ജസ്റ്റിസ് സൂര്യകാന്തിനെ ശുപാർശ ചെയ്തിരുന്നു. നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസ് ആണ് സൂര്യകാന്ത്. ഈ വർഷം നവംബർ 23ന് ജസ്റ്റിസ് ബി ആർ ഗവായിയുടെ കാലാവധി അവസാനിക്കുന്നതോടെ പുതിയ ചീഫ് ജസ്റ്റിസ് ചുമതലയേൽക്കും. സുപ്രീംകോടതിയിലെ ഏറ്റവും മുതിർന്ന ജസ്റ്റിസിനെ ചീഫ് ജസ്റ്റിസ് ആയി ശുപാർശ ചെയ്യുന്നത് പതിവാണ്.

ചീഫ് ജസ്റ്റിസ് ആവുകയാണെങ്കിൽ, ഹരിയാനയിൽ നിന്ന് ഈ പദവിയിൽ എത്തുന്ന ആദ്യത്തെ വ്യക്തിയെന്ന നേട്ടവും ജസ്റ്റിസ് സൂര്യകാന്തിന്റെ പേരിനൊപ്പം ചേരും. ഹരിയാനയിലെ ഹിസാറിൽ 1962 ഫെബ്രുവരി 10നാണ് അദ്ദേഹം ജനിച്ചത്. അധ്യാപകനായിരുന്നു പിതാവ്. ഗ്രാമത്തിലെ സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം 1984ൽ മഹർഷി ദയാനന്ദ സർവ്വകലാശാലയിൽ നിന്ന് നിയമ ബിരുദം കരസ്ഥമാക്കി. ഹിസാറിലെ ജില്ലാ കോടതിയിൽ അഭിഭാഷകനായാണ് അദ്ദേഹം പ്രവർത്തനം ആരംഭിച്ചത്. പിന്നീട് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി ചണ്ഡിഗഡിലേക്ക് അദ്ദേഹം മാറി. 38 ആം വയസ്സിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറലായി ചുമതല ഏറ്റു. 2004ൽ അദ്ദേഹത്തെ പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിയായി നിയമിച്ചു. 2011ൽ അദ്ദേഹം കുരുക്ഷേത്ര സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. നീണ്ട 14 വർഷം ഹൈക്കോടതിയിൽ ജഡ്ജിയായി പ്രവർത്തിച്ച അദ്ദേഹത്തെ 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിച്ചു. 2019 മെയ് 24ന് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button