Kerala

ജസ്റ്റിസ് കെ വിനോദ് ചന്ദ്രൻ സുപ്രീം കോടതി ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും. എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂര്‍ സ്വദേശിയാണ്.

ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ കൊളീജിയമാണ് ജസ്റ്റിസ് വിനോദ് ചന്ദ്രനെ സുപ്രീം കോടതിയിലേക്ക് ശുപാര്‍ശ ചെയ്തത്. രാജ്യത്തെ ഹൈക്കോടതി ജഡ്ജിമാരിലെ സീനിയോറിറ്റി പട്ടികയിൽ പതിമൂന്നാം സ്ഥാനത്താണ് ജസ്റ്റിസ് വിനോദ് ചന്ദ്രൻ. ജസ്റ്റിസ് സി ടി രവികുമാര്‍ വിരമിച്ചതോടെ കേരളത്തിൽ നിന്നും സുപ്രീംകോടതിയിലേക്ക് പ്രാതിനിധ്യം ഇല്ലെന്നതും കൊളീജിയം പരി​ഗണിച്ചു.

2011 നവംബറില്‍ കേരളാ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് വിനോദ് ചന്ദ്രന്‍ 2023 മാര്‍ച്ചിലാണ് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായത്. 11 വര്‍ഷത്തിലേറെയായി അദ്ദേഹം ഹൈക്കോടതി ജഡ്ജിയായും ഒരു വര്‍ഷത്തിലേറെയായി ഹൈക്കോടതി ചീഫ് ജസ്റ്റിസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1990ലാണ് കെ വിനോദ് ചന്ദ്രൻ അഭിഭാഷകനായി എൻ‌റോൾ ചെയ്തത്. 2011 നവംബർ എട്ടിന് ഹൈക്കോടതിയിൽ അഡീഷണൽ ജഡ്ജിയായി നിയമിതനായി. 2013 ജൂൺ 24ന് സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടു. ചന്ദ്രബോസ് വധക്കേസിൽ വ്യവസായി മുഹമ്മദ് നിഷാമിന്റെ ജീവപര്യന്തം കഠിനതടവ് ശരിവച്ചത് അടക്കം ഒട്ടേറെ ശ്രദ്ധേയ വിധികൾ പുറപ്പെടുവിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button