
അധ്യാപികയ്ക്ക് ശമ്പളം ലഭിക്കാത്തതിൽ മനംനൊന്ത് ഭര്‍ത്താവ് ജീവനൊടുക്കിയ സംഭവം: കുടിശ്ശികയുടെ ഒരുഭാഗം അധ്യാപികക്ക് ലഭിച്ചു പത്തനംതിട്ടയില്‍ എയ്ഡഡ് സ്കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കിയതിനു പിന്നാലെ ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം ലഭിച്ചു. 53 ലക്ഷം രൂപയാണ് ശമ്പള കുടിശിക.
ഇതില്‍ 29 ലക്ഷം രൂപ അധ്യാപികയുടെ അക്കൗണ്ടില്‍ വന്നു. ബാക്കി തുക പിഎഫിലേക്ക് മാറ്റി. പത്തനംതിട്ട നാറാണംമുഴി സെന്റ് ജോസഫ് ഹൈസ്കൂളിലെ അധ്യാപികയ്ക്കാണ് ശമ്പള കുടിശ്ശികയുടെ ഒരു ഭാഗം ലഭിച്ചത്. ഇവര്‍ക്ക് ശമ്പള കുടിശിക ലഭ്യമാക്കാന്‍ തുടര്‍നടപടി സ്വീകരിക്കാതിരുന്ന മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പത്തനംതിട്ട ഡിഇ ഓഫീസിലെ മൂന്ന് ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ് ചെയ്തത്. ഹൈക്കോടതി ഉത്തരവ് ഉണ്ടായിട്ടും തുടര്‍നടപടി വൈകിയതിനാണ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.