Politics

കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ജോസ് കെ മാണി; ഇടതുമുന്നണി യോഗത്തിലറിയാം കേരള കോണ്‍ഗ്രസിന്റെ പവര്‍

കോട്ടയം: കേരള കോണ്‍ഗ്രസ് മാണി വിഭാഗം യു.ഡി.എഫ് വിട്ടതിന് ശേഷമുള്ള ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുക്കങ്ങളുമായി ജോസ് കെ മാണി. സിറ്റിംഗ് സീറ്റായ കോട്ടയത്തിന് പുറമേ ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യത്തിലാണ് കേരള കോണ്‍ഗ്രസ്. ഇതുസംബന്ധിച്ച ആവശ്യം വരുന്ന ഇടതുമുന്നണി യോഗത്തില്‍ ഉന്നയിക്കാനാണ് തയ്യാറെടുക്കുന്നത്.

മാണി കോണ്‍ഗ്രസിനെ യു.ഡി.എഫിലേക്ക് തിരികെ കൊണ്ടുവരണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് ഇടതുമുന്നണിയില്‍ തങ്ങളുടെ സാന്നിദ്ധ്യം ശക്തമാക്കാനുള്ള നീക്കങ്ങള്‍ ജോസ് കെ മാണി ആരംഭിച്ചിരിക്കുന്നത്.

സിറ്റിംഗ് സീറ്റായ കോട്ടയം തന്നെയായിരിക്കും ഇടതുമുന്നണിയും കേരളാ കോണ്‍ഗ്രസിന് നല്‍കുക എന്ന് ഉറപ്പാണ്. ഇതിന് പുറമെയാണ് ഒരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടി ശക്തമാക്കുന്നത്. ഇടുക്കിയോ പത്തനംതിട്ടയോ ചോദിക്കാനാണ് പാര്‍ട്ടിക്കുള്ളിലെ ധാരണ. നിയമസഭാ തെരഞ്ഞെടുപ്പില്‍ മധ്യകേരളത്തില്‍ ഇടതുമുന്നണി നേട്ടമുണ്ടാക്കിയത് കേരളാ കോണ്‍ഗ്രസിന്റെ വരവോടുകൂടിയാണന്നാണ് പാര്‍ട്ടി വിലയിരുത്തല്‍.

അതുകൊണ്ടുതന്നെ കൂടുതല്‍ സീറ്റുകള്‍ക്ക് അര്‍ഹതയുണ്ടെന്നും പാര്‍ട്ടി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. ഇടതുമുന്നണി സീറ്റ് വിഭജന ചര്‍ച്ചയില്‍ ഇക്കാര്യം ഉന്നയിക്കണം എന്ന ആവശ്യമുയര്‍ന്നുകഴിഞ്ഞു. കേരളാ കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് മടക്കി കൊണ്ടുവരണം എന്ന ആവശ്യം ശക്തമായി നിലനില്‍ക്കുമ്പോഴാണ് ഇടതുമുന്നണിയില്‍ കൂടുതല്‍ സീറ്റെന്ന സമ്മര്‍ദ്ദ തന്ത്രം ജോസ് കെ മാണിയും കൂട്ടരും പ്രയോഗിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button