എല്‍ഡിഎഫിനൊപ്പമെന്ന് ആവര്‍ത്തിച്ച് ജോസ് കെ മാണി
എല്‍ഡിഎഫ് വിട്ടുപോകില്ലെന്ന് വ്യക്തമാക്കി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി. കേരള കോണ്‍ഗ്രസ് എം എല്‍ഡിഎഫിനൊപ്പമാണെന്നും മുന്നണിയില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമേ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന എല്‍ഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ മാണി.
വീമ്പടിക്കുന്ന ജോസഫ് വിഭാഗത്തിന് തൊടുപുഴയില്‍ രണ്ട് ഇടങ്ങളില്‍ മാത്രമാണ് ജയമുണ്ടായതെന്നും, പരുന്തിന്റെ പുറത്തിരിക്കുന്ന കുരുവിയുടെ അവസ്ഥയിലാണ് ജോസഫ് വിഭാഗമെന്നും അദ്ദേഹം വിമര്‍ശിച്ചു.
പാലായില്‍ സിംഗിള്‍ മെജോറിറ്റി നിലനില്‍ക്കുന്നത് കേരള കോണ്‍ഗ്രസ് (എം) തന്നെയാണെന്നും ജോസ് കെ മാണി പറഞ്ഞു. പാലാ നിയോജക മണ്ഡലത്തില്‍ എല്‍ഡിഎഫിനാണ് ലീഡെന്നും, സംഘടനാപരമായി ലഭിക്കേണ്ട വോട്ടുകള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ചില വോട്ടുകള്‍ നഷ്ടപ്പെട്ടതായി സമ്മതിച്ച ജോസ് കെ മാണി, പോരായ്മകളും വീഴ്ചകളും വിശദമായി പരിശോധിക്കുമെന്ന് കൂട്ടിച്ചേര്‍ത്തു.




