Blog

ക്രൈസ്തവ സഭകൾക്കെതിരെ ‘ജനയുഗം’; ബിജെപി ബന്ധത്തിൽ സഭയ്ക്ക് തിരിച്ചറിവ് വൈകിയെന്ന് വിമർശനം

തിരുവനന്തപുരം : ക്രൈസ്തവ സഭാ നേതൃത്വങ്ങൾക്കെതിരെ വിമർശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ ക്രൈസ്തവ സഭകൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ലെന്നും കണ്ടാലറിയാത്തവർ കൊണ്ടാലറിയുമെന്ന ചൊല്ല് ഇപ്പോൾ അന്വർഥമായിരിക്കുന്നുവെന്നും ജനയുഗത്തിലെ ലേഖനത്തിൽ പരാമർശം. ന്യൂനപക്ഷ വേട്ട കൺമുന്നിൽ കണ്ടിട്ടും ബിജെപിക്ക് അനുകൂലമായ നിലപാട് എടുക്കാൻ സഭകൾക്ക് ഒട്ടും മടിയുണ്ടായിരുന്നില്ല. സഭാ അധ്യക്ഷൻമാർക്ക് തിരിച്ചറിവ് ഉണ്ടാകാൻ സമയമെടുത്തു. ബിജെപിയും മോദിയുമാണ് രക്ഷയെന്ന വാഴ്‌ത്തുപാട്ട് അവസാനിപ്പിക്കാൻ അധികകാലം വേണ്ടിവരികയില്ലെന്ന് ഇടതുപക്ഷം അന്നേ മുന്നറിയിപ്പ് നൽകിയിരുന്നു. വൈകിയാണെങ്കിലും ബിജെപിയുടെ കപട ക്രിസ്ത്യൻ പ്രേമം ബോധ്യപ്പെട്ടത് നല്ല കാര്യമാണ്. പിസി ജോർജും മകനും ക്രിസ്ത്യൻ വോട്ട് കിട്ടുമെന്ന് പറഞ്ഞ് ബിജെപിയിൽ നിന്ന് കോടികൾ അച്ചാരം വാങ്ങിയിരുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞപ്പോൾ വോട്ട് കിട്ടില്ലെന്ന് ബോധ്യപ്പെട്ടു. ഇതോടെയാണ് സഭാ നേതൃത്വത്തിനെതിരെ ജോർജ് തിരിഞ്ഞതെന്നും ജനയുഗം ലേഖനത്തിൽ പരാമർശിക്കുന്നു.  

പി.സി. ജോർജിനും മകൻ ഷോൺ ജോർജിനുമെതിരെ അതിരൂക്ഷമായ വിമർശനവുമായി പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. പൊതുരംഗത്ത് പ്രവർത്തിക്കുന്നവർ സഭാ നേതൃത്വത്തെയും വൈദികരെയും അധിക്ഷേപിക്കുന്ന രീതിയിൽ സംസാരിക്കുന്നത് അനുവദിക്കാനാവില്ലെന്നും മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുള്ള ഇത്തരം കടന്നാക്രമണങ്ങൾ സഭ വെച്ചുപൊറുപ്പിക്കില്ലെന്നും ബിഷപ്പ് വ്യക്തമാക്കി. ഭീഷണിയുടെ സ്വരം സഭയോട് വിലപ്പോകില്ലെന്നും എല്ലാക്കാലത്തും മെത്രാന്മാരും വൈദികരും മിണ്ടാപ്രാണികളായിരിക്കുമെന്ന് ആരും കരുതേണ്ടതില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. 

മെത്രാന്മാരും വൈദികരും എല്ലാ സമയത്തും നിഷ്പക്ഷരായിരിക്കണം എന്ന് പറയാൻ ആർക്കും സാധിക്കില്ലെന്ന് ബിഷപ്പ് പറഞ്ഞു. ചാനലുകൾക്ക് വേണ്ടിയോ, കയ്യടി കിട്ടുന്നതിന് വേണ്ടിയോ സമുദായ നേതാക്കളെയും വൈദികരെയും അവഹേളിക്കുന്ന ശൈലി ശരിയല്ല. അഭിപ്രായങ്ങൾ പ്രകടിപ്പിക്കുമ്പോൾ വിശ്വാസികളുടെ വികാരത്തെ കൂടി മാനിക്കണം. ചാനൽ ഭാഷ ഉപയോഗിച്ച് സഭയുടെ അന്തസ്സ് കെടുത്താൻ ശ്രമിക്കുന്നവർ ആരായാലും അത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button