
ഇന്ത്യ-പാകിസ്താന്‍ വിഷയത്തില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് മാത്രമേ ഇന്ത്യ തയ്യാറുള്ളൂവെന്നും മൂന്നാം കക്ഷിയുടെ ഇടപെടല്‍ അംഗീകരിക്കില്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍. അത് വര്‍ഷങ്ങളായുള്ള നിലപാടാണെന്നും അതില്‍ ഒരുമാറ്റവുമില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. അതിര്‍ത്തികടന്നുള്ള ഭീകരത പാകിസ്താന്‍ അവസാനിപ്പിക്കുന്നതുവരെ സിന്ധു നദീജല കരാര്‍ മരവിപ്പിച്ച നടപടി തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പാക് അധീന കശ്മീരില്‍ നിയമവിരുദ്ധമായി കൈയേറിയ ഇന്ത്യയുടെ പ്രദേശം ഒഴിപ്പിക്കുന്നത് സംബന്ധിച്ച് മാത്രമാണ് കശ്മീരിനെക്കുറിച്ച് ഇനി ചര്‍ച്ചചെയ്യാനുള്ളതെന്നും ആ ചര്‍ച്ചയ്ക്ക് തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പാകിസ്താനാണ് വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടതെന്നും കേന്ദ്ര വിദേശകാര്യ മന്ത്രി വ്യാഴാഴ്ച വ്യക്തമാക്കി. വെടിനിര്‍ത്തലിനായി ഇടപെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിക്കുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം.
”ഞങ്ങള്‍ പാകിസ്താന്‍ സൈന്യത്തെ ആക്രമിച്ചില്ല. അതിനാല്‍ പാകിസ്താന്‍ സൈന്യത്തിന് ഇതില്‍ ഇടപെടാതെ വിട്ടുനില്‍ക്കാന്‍ കഴിയുമായിരുന്നു. പക്ഷേ, അവര്‍ നല്ല ഉപദേശം സ്വീകരിക്കാന്‍ തയ്യാറായില്ല. നമ്മള്‍ അവര്‍ക്ക് എത്രത്തോളം നാശനഷ്ടമുണ്ടാക്കിയെന്നതും അവര്‍ വരുത്തിയ ചെറിയ നാശനഷ്ടവും ഉപഗ്രഹചിത്രങ്ങളില്‍നിന്ന് വ്യക്തമാണ്. മെയ് ഏഴാം തീയതി പിന്മാറാന്‍ തയ്യാറാകാതിരുന്നവര്‍ പത്താം തീയതി പിന്മാറാനും സംസാരിക്കാനും തയ്യാറായി. അതിനാല്‍ ആരാണ് വെടിനിര്‍ത്തല്‍ ആഗ്രഹിച്ചതെന്ന് വ്യക്തമാണ്,” എസ്. ജയ്ശങ്കര്‍ പറഞ്ഞു.
അമേരിക്കഉത്പന്നങ്ങള്‍ക്ക് തീരുവ ഈടാക്കാത്ത വ്യാപാര കരാര്‍ ഇന്ത്യ വാഗ്ദാനം ചെയ്തെന്ന ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തിലും കേന്ദ്ര വിദേശകാര്യമന്ത്രി വ്യാഴാഴ്ച പ്രതികരിച്ചു. ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ഏറെ സങ്കീര്‍ണമായ ചര്‍ച്ചകളാണ്. ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല. ഏത് വ്യാപാര കരാറായാലും രണ്ടുരാജ്യങ്ങള്‍ക്കും ഗുണകരമാകണം. അതാണ് വ്യാപാര കരാറില്‍നിന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.