
മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ജയിയിലടച്ച സംഭവം വിവാദമായതോടെ ഡല്‍ഹിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍. പാര്‍ലമെന്റ് മന്ദിരത്തില്‍ വെച്ച് ഛത്തീസ് ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞദിവസം അമിത് ഷാ ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് വിവരങ്ങള്‍ തേടിയിരുന്നു. മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കണ്ടേക്കും.
കന്യാസ്ത്രീകളുടെ മോചനത്തില്‍ ഛത്തീസ്ഗഡ് സര്‍ക്കാരില്‍ നിന്നും അനുകൂല സമീപനം ഉണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയ കേരള എംപിമാരെ അമിത് ഷാ അറിയിച്ചിരുന്നു. കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കുക എന്നതാണ് ഇപ്പോള്‍ പ്രധാനം. അതിനുശേഷം കേസ് പിന്‍വലിക്കുന്നത് പരിശോധിക്കാമെന്നും അമിത് ഷാ സൂചിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ ക്രൈസ്തവ സഭകളും പ്രതിപക്ഷവും പ്രതിഷേധവുമായി രംഗത്തു വന്നത് ബിജെപിയെയും കേന്ദ്രസര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
അതേസമയം കന്യാസ്ത്രീകളെ ഒരു സംഘം ആളുകള്‍ വളഞ്ഞ് ആള്‍ക്കൂട്ട വിചാരണ പോലെ ചോദ്യങ്ങള്‍ ഉന്നയിച്ച സംഭവത്തില്‍ ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. കന്യാസ്ത്രീകളെ വളഞ്ഞുവെക്കുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു. കൂടാതെ, കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന സെഷന്‍സ് കോടതിക്ക് സമീപമുണ്ടായ പ്രകടനവും, ജാമ്യാപേക്ഷ പരിഗണിക്കാന്‍ വിസമ്മതിച്ചതോടെ നടത്തിയ ആഹ്ലാദ പ്രകടനത്തിലും ബിജെപി കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ട്. ഇക്കാര്യം ഛത്തീസ്ഗഡ് സംസ്ഥാന നേതൃത്വത്തെയും സര്‍ക്കാരിനെയും അറിയിച്ചേക്കും.