
എറണാകുളം നെടുമ്പാശ്ശേരിയിൽ യുവാവിനെ കാർ ഇടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ സിഐഎസ്എഫ് ജവാന്റെ മൊഴി പുറത്ത്. കാർ ഉരസിയത് കൊല്ലപ്പെട്ട ഐവിൻ ചോദ്യം ചെയ്തെന്നും കയ്യേറ്റ ദൃശ്യങ്ങൾ ഐവിന് മൊബൈലിൽ പകർത്തിയത് പ്രകോപനം ഉണ്ടാക്കിയെന്നും രണ്ടാംപ്രതി മോഹൻ മൊഴി നൽകി. അപകട ശേഷം ഇറങ്ങി ഓടിയത് നാട്ടുകാർ മർദിക്കുമെന്ന് ഭയന്നാണെന്നും ഒപ്പമുണ്ടായിരുന്ന വിനയ്കുമാർ ദാസിനെ നാട്ടുകാർ മർദിച്ചെന്നും മോഹൻ മൊഴി നൽകി.സിഐഎസ്എഫ് സബ് ഇൻസ്പെക്ടർ വിനയ് കുമാർ ദാസ്, കോൺസ്റ്റബിൾ മോഹൻ എന്നിവരാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്.
അതേസമയം ക്രൂരമായ കൊലപാതകമാണ് നടത്തിയതെന്ന് വി ഡി സതീശൻ പ്രതികരിച്ചു. അതിനനുസരിച്ചുള്ള നിയമനടപടികൾ ഉണ്ടാകണം. കൊലക്കുറ്റം ചുമത്തണമെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കരുതെന്നും സതീശൻ അഭിപ്രായപ്പെട്ടു. രണ്ടു പ്രതികളെയും നെടുമ്പാശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചശേഷം വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. ഇന്ന് വൈകുന്നേരത്തോടെ കോടതിയിൽ ഹാജരാക്കി കസ്റ്റഡി അപേക്ഷ നൽകും. അതേസമയം, സംഭവത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നെടുമ്പാശ്ശേരി സിഐഎസ്എഫ് ഓഫീസിലേക്ക് മാർച്ച് നടത്തി.മരിച്ച ഐവിൻ ജിജോയുടെ മൃതദേഹം ഇന്ന് ഉച്ചയ്ക്കുശേഷം തുറവൂർ സെന്റ് അഗസ്റ്റിൻ പള്ളിയിൽ സംസ്കരിക്കും