വൈറ്റ് കോളര്‍ ഭീകര ശൃംഖല: ഹരിയാനയില്‍ മതപ്രഭാഷകന്‍ അറസ്റ്റില്‍; ഫരീദാബാദ് സംഘവുമായി ബന്ധം കണ്ടെത്തി

വൈറ്റ് കോളര്‍ ഭീകര ശൃംഖല. ഹരിയാനയില്‍ മതപ്രഭാഷകനെ ജമ്മു കശ്മീര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മേവാത്ത് മേഖലയില്‍ നിന്നുള്ള മൗലവി ഇഷ്തിയാഖ് എന്നയാളെയാണ് പിടികൂടിയത്. ചോദ്യം ചെയ്യലിനായി ശ്രീനഗറിലേക്ക് കൊണ്ട് പോയി. ഫരീദാബാദിലെ ഭീകര ശൃംഖലയുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കണ്ടെത്തല്‍.
ഫരീദാബാദിലെ ധേര കോളനിയിലെ അല്‍-ഫലാഹ് പള്ളിയിലെ ഇമാമായ ഹഫീസ് മുഹമ്മദ് ഇഷ്തിയാഖ് ആണ് അറസ്റ്റിലായ പുരോഹിതന്‍.അല്‍-ഫലാഹ് സര്‍വകലാശാലാ പരിസരത്ത് വാടകയ്ക്ക് താമസിച്ചിരുന്ന ഒരു വീട്ടിലാണ് ഇഷ്തിയാഖ് താമസിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒരു പ്രധാന ഭീകരവിരുദ്ധ ഓപ്പറേഷനില്‍ 2,500 കിലോഗ്രാം അമോണിയം നൈട്രേറ്റ്, പൊട്ടാസ്യം ക്ലോറേറ്റ്, സള്‍ഫര്‍ എന്നിവ അടുത്തിടെ കണ്ടെത്തിയിരുന്നു.
ഇഷ്തിയാക്കിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനായി ശ്രീനഗറിലേക്ക് കൊണ്ടുപോയി. ഫരീദാബാദ് മൊഡ്യൂളിന് പിന്നിലെ ശൃംഖലയെ പൊലീസ് കണ്ടെത്തുന്നത് തുടരുന്നതിനാല്‍, പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം അദ്ദേഹത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ടെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
നിരോധിത ജെയ്ഷെ മുഹമ്മദ് (ജെ.ഇ.എം), അന്‍സാര്‍ ഗസ്വത്-ഉല്‍-ഹിന്ദ് എന്നിവയുടെ ‘വൈറ്റ് കോളര്‍’ ഭീകര ശൃംഖല കണ്ടെത്തുന്നതിനായി നവംബര്‍ 10 ന് ഹരിയാനയിലും ഉത്തര്‍പ്രദേശിലും പോലീസ് നടത്തിയ അന്തര്‍സംസ്ഥാന റെയ്ഡിലാണ് ഈ അറസ്റ്റ്.

