Kerala

സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാം: ജി സുധാകരൻ

സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടെ എന്ന് ചോദ്യം. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലന്‍ വന്ന് പ്രചാരണം നടത്തുമോ എന്നുമാണ് പരിഹാസം. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെന്ന് പറഞ്ഞ് പടക്കംപൊട്ടിച്ച് ടീ പാര്‍ട്ടി നടത്തിയവരില്‍ സജി ചെറിയാനും ഉണ്ടെന്നും തുറന്നുപറച്ചില്‍. സജി ചെറിയാന്‍ സൂക്ഷിച്ച് സംസാരിച്ചാല്‍ കൊള്ളാമെന്നും താക്കീതുണ്ട്.

ഞാന്‍ പാര്‍ട്ടിയോട് ചേര്‍ന്നല്ല പോകുന്നത്. പാര്‍ട്ടിക്കകത്താണ് നില്‍ക്കുന്നത്. അത് തന്നെ സജി ചെറിയാന് പറയാന്‍ അറിയില്ല. സജി ചെറിയാന് മാര്‍ക്‌സിസ്റ്റ് ശൈലിയില്‍ സംസാരിക്കാന്‍ ഈ ഉന്നതമായ സ്ഥാനത്തെത്തിയിട്ടും കഴിയുന്നില്ല എന്നുള്ളതാണ്. രണ്ടാഴ്ചയ്ക്ക് മുന്‍പ് സജി ചെറിയാന്‍ പാര്‍ട്ടിക്ക് യോജിക്കാത്ത രീതിയില്‍ സംസാരിച്ച 14 കാര്യങ്ങളുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന നേതൃത്വം ആ അടിസ്ഥാനത്തില്‍ വിലക്കിയോ. ഇടയ്ക്ക് കുറച്ചു കാലം മന്ത്രി സഭയില്‍ നിന്നും മാറ്റി. അദ്ദേഹം ആണ് എന്നെ ഉപദേശിക്കാന്‍ വരുന്നത്. മന്ത്രി സഭയില്‍ 10 വര്‍ഷം ഇരുന്നിട്ട് ഞങ്ങളെ ഒന്നും ആരും മാറ്റിയിട്ടില്ല. എന്നെ ഉപദേശിക്കാനുള്ള അര്‍ഹതയോ പ്രായമോ പ്രത്യയശാസ്ത്ര ബോധമോ അദ്ദേഹത്തിന് ഉണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കില്‍ ജനം അത് കരുതുന്നില്ല. ഞങ്ങള്‍ രണ്ട് പേരെ കുറിച്ചും നിങ്ങള്‍ ജനങ്ങളുടെ ഇടയില്‍ ഒരു പഠനം നടത്തുക – അദ്ദേഹം പറഞ്ഞു.

എ കെ ബാലനെയും അദ്ദേഹം വിമര്‍ശിച്ചു. ഞാന്‍ എസ്എഫ്‌ഐയുടെ സംസ്ഥാന സെക്രട്ടറിയായിരുന്നപ്പോള്‍ ബ്രണ്ണന്‍ കോളജിലെ ഒരു യൂണിറ്റ് നേതാവായിരുന്ന പ്രതിനിധിയായി എസ്എഫ്‌ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്ത ആളാണ് എ കെ ബാലന്‍. 72ലോ മറ്റോ നടന്ന എസ്എഫ്‌ഐയുടെ സംസ്ഥാന സമ്മേളനത്തിലെ കാര്യങ്ങളാണ് അദ്ദേഹം ഇപ്പോഴും പറയുന്നത്. സംസ്ഥാന കമ്മറ്റിയില്‍ നിന്ന് മാറ്റി എന്നല്ല, എടുത്തില്ല എന്ന് പറയണം.തെറ്റായ വിമര്‍ശനം നടത്തിയത് കൊണ്ട് അന്നത്തെ സിഎച്ച് കണാരന്‍ കൂടി വന്നിരുന്നിട്ടാണ് ബാലനെ എടുക്കുന്നില്ല എന്ന് തീരുമാനിച്ചത്. പിന്നെ അദ്ദേഹം സംസ്ഥാന സെക്രട്ടറിയും പ്രസിഡന്റുമൊക്കെയായില്ലെ. ഞാന്‍ ആ പോസ്റ്റര്‍ ഒന്നും എഴുതുന്നില്ലല്ല. ആലപ്പുഴയില്‍ നടക്കുന്ന നികൃഷ്ടവും മ്ലേച്ഛവും മാര്‍ക്‌സിസ്റ്റ് വിരുദ്ധവുമായ പൊളിറ്റിക്കല്‍ ക്രിമിനല്‍സിന്റെ ആക്രമണത്തിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല. ഞാന്‍ മാറിയിട്ടില്ല. മാറത്തുമില്ല. അന്നത്തെ പോലെ തന്നെ ലളിത ജീവിതം നയിക്കുന്നു. രാഷ്ട്രീയത്തിലൂടെ പൈസയൊന്നുമുണ്ടാക്കിയിട്ടില്ല.

ബാലന്‍ മാറിയെന്നാണ് അദ്ദേഹം പറയുന്നത്. ബാലന്‍ മാറിക്കോളു. എനിക്ക് ബാലനെപ്പോലെ മാറാന്‍ പറ്റില്ല. ബാലന്‍ എന്നെപ്പറ്റി പറയേണ്ട കാര്യമില്ല. ഞാന്‍ ഇന്നേ വരെ ഒരു പ്രസ്താവനയിലും ബാലനെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. സൈബര്‍ ആക്രമണതത്തെ കുറിച്ച് പ്രതികരിക്കാതെ എന്നെ എതിര്‍ക്കുന്നത് എന്തിനാണ് – അദ്ദേഹം പറഞ്ഞു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ശ്രമിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി. പുറത്താക്കി എന്ന് പറഞ്ഞ് ചില സഖാക്കള്‍ പടക്കം പൊട്ടിച്ചു. ടീ പാര്‍ട്ടി നടത്തി. അതില്‍ സജി ചെറിയാനും പങ്കാളി ആണ്. കൂടുതല്‍ പറയുന്നില്ല. മന്ത്രി സഭയില്‍ നിന്ന് പുറത്താക്കപ്പെട്ട സജി ചെറിയാന്‍ ആണ് തന്നെ ഉപദേശിക്കുന്നത്. ഇത് ആലപ്പുഴയാണ്. പാര്‍ട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്. അത് പറയുന്നില്ല. സജി ചെറിയാന്റെ കൂട്ടര്‍ എന്നെ ബിജെപിയില്‍ വിടാന്‍ ശ്രമിച്ചു. എന്നോട് ഫൈറ്റ് ചെയ്ത് ഒരാളും ജയിച്ചിട്ടില്ല. പാര്‍ട്ടിയാണ് എന്നെ കുറിച്ച് നല്ലത് പറയേണ്ടത്. അത് പറയുന്നില്ല – അദ്ദേഹം പറഞ്ഞു.

മൂന്നാം പിണറായി സര്‍ക്കാര്‍ വരണമെങ്കില്‍ ഭൂരിപക്ഷം വേണ്ടേ എന്നും ചോദിച്ചു. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാന്‍ ആണ്. സജി ചെറിയാന്‍ ഒക്കെ ഇങ്ങനെ സംസാരിച്ചാല്‍ എങ്ങനെ നടക്കും. എകെ ബാലന്‍ വന്ന് പ്രചരണം നടത്തുമോ- അദ്ദേഹം ചോദിച്ചു. പാര്‍ട്ടിയില്‍ ഉള്ള എന്നോട് പാര്‍ട്ടിയോട് ചേര്‍ന്ന് പോകാന്‍ പറഞ്ഞതിന് സജി ചെറിയാനെതിരെ പാര്‍ട്ടി നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button