കണ്ടെത്തിയ ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം; ഡോ. ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍

ഡോ. ഹാരിസിനെ സംശയമുനയില്‍ നിര്‍ത്തി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍. ഡോ ഹാരിസ് ചിറക്കലിന്റെ മുറിയില്‍ പരിശോധന നടത്തിയെന്നും കാണാതായി എന്ന് പറയപ്പെടുന്ന ഉപകരണം കണ്ടെത്തിയെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. പി കെ ജബ്ബാര്‍ പറഞ്ഞു. ഹാരിസിന്റെ മുറിയില്‍ നിന്ന് കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് കണ്ടെത്തി. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തത കുറവുണ്ട്.
ഉപകരണം പുതിയതാണോയെന്ന് പരിശോധന വേണം. ഹാരിസിന്റെ മുറിയില്‍ ആരോ കടന്നതായും സിസിടിവിയില്‍ ഉണ്ടെന്നും പ്രിന്‍സിപ്പല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ഡോ.ഹാരിസിന്റെ മുറിയില്‍ നിന്ന് ഓഗസ്റ്റ് രണ്ടിന് മോസിലോസ്‌കോപ്പ് വാങ്ങിയതിന്റെ ബില്ല് കണ്ടെത്തി, ഇതില്‍ അസ്വാഭാവികതയുണ്ട് അന്വേഷണം വേണം. ഹാരിസിന്റെ മുറിയില്‍ മൂന്ന് തവണ പരിശോധന നടന്നുവെന്നാണ് പ്രിന്‍സിപ്പല്‍ പറയുന്നത്.
ആദ്യ പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ കാണാതായെന്ന് പറയപ്പെടുന്ന മോസിലോസ്‌കോപ്പ് എന്ന ഉപകരണം കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. സര്‍ജിക്കല്‍ ഉപകരണങ്ങളെക്കുറിച്ച് തനിക്ക് വലിയ ധാരണയില്ലാത്തതിനാല്‍ സര്‍ജിക്കല്‍, ടെക്നിക്കല്‍ ടീമുമായി വീണ്ടും പരിശോധന നടത്തി. അതില്‍ ആദ്യ പരിശോധനയില്‍ കാണാത്ത മറ്റൊരു പെട്ടി മുറിയില്‍ കണ്ടെത്തി. എല്ലാവരുടേയും സാന്നിധ്യത്തില്‍ കവര്‍ പൊട്ടിച്ചു. അതില്‍ ഉപകരണം കണ്ടെത്തി.
അതിനൊപ്പം ഉണ്ടായിരുന്ന പേപ്പറില്‍ മോസിലോസ്‌കോപ്പ് എന്ന് എഴുതിയിരുന്നു. ഇതിനൊപ്പം കണ്ടെത്തിയ ബില്ലില്‍ ഓഗസ്റ്റ് രണ്ട് എന്ന് എഴുതിയിരുന്നു. എറണാകുളത്തെ സ്ഥാപനത്തിന്റേതായിരുന്നു ബില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു. പരിശോധനയില്‍ ഹാരിസിന്റെ മുറിയില്‍ ആരോ കയറി എന്ന സംശയം തോന്നിയതായും പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇക്കാര്യം കണ്ടു . ചില അടയാളങ്ങള്‍ കണ്ടിരുന്നു. സംഭവം വിശദമായ പരിശോധിക്കേണ്ടതുണ്ടെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.



