ജേഷ്ഠസഹോദരി നമ്മളെ തകര്‍ക്കാന്‍ നില്ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഖമുണ്ട്; കെഎന്‍ ബാലഗോപാല്‍

ഐഷാപോറ്റി കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതില്‍ വൈകാരിക പ്രതികരണവുമായി കൊട്ടാരക്കര MLA യും ധനകാര്യ മന്ത്രിയുമായ കെ എന്‍ ബാലഗോപാല്‍. കുടുംബത്തിലെ ജേഷ്ഠസഹോദരി നമ്മളെ തകര്‍ക്കാന്‍ നില്ക്കുന്ന ആളുകളോടൊപ്പം ചേര്‍ന്നതില്‍ അതീവ ദുഖമുണ്ട്. കോണ്‍ഗ്രസ്സില്‍ പോകാന്‍ പാടില്ലായിരുന്നു. വ്യക്തിപരമായി തനിക്ക് ദേഷ്യമില്ല.
ഒന്നുമാകാത്ത എത്രയോ സഖാക്കളുണ്ട്, അവര്‍കൂടി പ്രവര്‍ത്തിച്ചല്ലേ ജനപ്രതിനിധി ആകുന്നത്. ഇപ്പോള്‍ പോയതില്‍ പിന്നീട് അവര്‍ക്ക് വിഷമമുണ്ടാകും. ഇടതുപക്ഷവും പാര്‍ട്ടിയും അവര്‍ക്കായി പ്രവര്‍ത്തിച്ചത് കാണേണ്ടതായിരുന്നു. എന്തിനാണ് ഇത്തരമൊരു മാറ്റമെന്ന കാര്യത്തില്‍ സഖാക്കള്‍ക്കും നാട്ടുകാര്‍ക്കും വലിയ സംശയമുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം എന്നത് തങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ ആദരിക്കപ്പെടുന്ന ഒരു പദവിയാണെന്നും, മഹിളാ അസോസിയേഷനിലും ലോയേഴ്സ് യൂണിയന് സംസ്ഥാന സെമിനാറുകളിലും അവര്‍ക്ക് വലിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിരുന്നതായും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കുറച്ചു നാളുകളായി തനിക്ക് സുഖമില്ലെന്ന് പറഞ്ഞ് പരിപാടികളുടെ നോട്ടീസുകളും മറ്റും നോക്കാന്‍ തന്നെ ഏല്‍പ്പിച്ചിരുന്നതായി മന്ത്രി പറഞ്ഞു. വ്യക്തിപരമായ കാര്യങ്ങള്‍ താന്‍ പങ്കുവെക്കുന്നില്ലെങ്കിലും, ഈ മാറ്റം രാഷ്ട്രീയത്തിന് അതീതമായി ജനങ്ങളുടെ മനസ്സില്‍ വലിയ വേദനയുണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഷ്ട്രീയം വ്യക്തിപരമല്ല വ്യക്തിപരമായ ബഹുമാനവും രാഷ്ട്രീയവും രണ്ടായി തന്നെ കാണണം. കേരളം ഏറെ ബഹുമാനിക്കുന്ന വ്യക്തികള്‍ പോലും രാഷ്ട്രീയ നിലപാടുകള്‍ മാറ്റുമ്പോള്‍ അത് മോശമായ രാഷ്ട്രീയമായി മാറുന്നു. നമ്മുടെ വീടിനെയും കുടുംബത്തെയും തകര്‍ക്കാന്‍ നില്ക്കുന്നവരുടെ കൂടെ ഒരു കുടുംബാംഗം ചേരുന്നത് ശരിയായ നടപടിയല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു. ഇത്രയും കാലം മോശമായി പെരുമാറുകയും ചീത്ത പറയുകയും ചെയ്തവര്‍ക്കിടയിലേക്ക് പോകുമ്പോള്‍ അവര്‍ക്ക് അവിടെ ഒരിക്കലും സന്തോഷത്തോടെയോ മനഃസമാധാനത്തോടെയോ നില്ക്കാന് കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അണികളാണ് നേതാക്കളെ സൃഷ്ടിക്കുന്നത് രാഷ്ട്രീയത്തില്‍ അണികളാണ് നേതാക്കന്മാരെ ഉണ്ടാക്കുന്നത്. വര്‍ഷങ്ങളോളം പ്രസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിച്ചവര്‍ ഇത്തരം തീരുമാനങ്ങള്‍ കാണുമ്പോള്‍ ഞെട്ടലോടെയാണ് പ്രതികരിക്കുന്നത്. അടിയന്തരാവസ്ഥ കാലത്ത് ജയിലില്‍ കിടന്ന സഖാക്കള്‍ പോലും ഇത്തരം വാര്‍ത്തകള്‍ കേട്ട് ആകെ വിഷമിച്ച അവസ്ഥയിലാണ്. പാര്‍ട്ടി എല്ലാ പരിഗണനകളും നല്കി, എം.എല്‍.എ ആയും മറ്റും പ്രവര്‍ത്തിക്കാന്‍ അവസരം നല്കിയവര് ഇത്തരം നിലപാടുകള്‍ സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് രാഷ്ട്രീയം സാധാരണക്കാരുടേതല്ലെന്നും നാട്ടിലെ ജനങ്ങള്‍ക്ക് ദുരിതം ഉണ്ടാക്കുന്ന പ്രസ്ഥാനമാണ് കോണ്‍ഗ്രസ് എന്നും മന്ത്രി കുറ്റപ്പെടുത്തി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ അംശമുള്ള ആര്‍ക്കും യുഡിഎഫില്‍ മനഃസമാധാനത്തോടെ നില്ക്കാന് കഴിയില്ല. നേതാക്കളോട് പോലും ആത്മാര്‍ത്ഥത കാണിക്കാത്ത പ്രസ്ഥാനമാണിതെന്നും മന്ത്രി കെ. എന്‍. ബാലഗോപാല്‍ പറഞ്ഞു.



