ഇനി ഇല്ല, ഗാസ വെടിനിർത്തൽ ; മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍

ഡൊണാള്‍ഡ് ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രമേയത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായുള്ള തങ്ങളുടെ മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍. ദോഹയിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഖത്തര്‍ ഔദ്യോഗികമായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സമാധാന ചര്‍ച്ചയ്‌ക്കെത്തിയ ഹമാസ് നേതാക്കളെ ലക്ഷ്യംവച്ചാണ് ഇസ്രയേല്‍ ആക്രമണം നടന്നതെന്നാണ് ഹമാസ് ആരോപിക്കുന്നത്. അതിനിടെ ഖത്തറിലേക്കുള്ള ആക്രമണത്തിനായി ഇസ്രയേലിന് ട്രംപില്‍ നിന്ന് ഗ്രീന്‍ സിഗ്നല്‍ ലഭിച്ചതായി ഇസ്രയേല്‍ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലൊണ് മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിച്ചെന്ന് ഖത്തര്‍ അറിയിച്ചിരിക്കുന്നത്
വെടിനിര്‍ത്തല്‍ പ്രമേയവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുമ്പോള്‍ ഹമാസ് നേതാക്കള്‍ക്കെതിരെ ആക്രമണം നടത്താന്‍ ഇസ്രയേലിന് ട്രംപ് തന്നെ ഗ്രീന്‍ സിഗ്നല്‍ നല്‍കിയെന്നാണ് ഇസ്രയേല്‍ മാധ്യമമായ ചാനല്‍ 12 റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്സ വെടിനിര്‍ത്തലിനായി ഖത്തര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുകയും ട്രംപ് വെടിനിര്‍ത്തല്‍ പ്രമേയം മുന്നോട്ടുവയ്ക്കുകയും ചെയ്തതിനിടെ നടന്ന ഈ ആക്രമണം എന്തെല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആശങ്കയോടെ ഉറ്റുനോക്കുകയാണ് ലോകം. അതിനിടെ ഖത്തറിലേക്കുള്ള ഇസ്രയേല്‍ ആക്രമണത്തെ ശക്തമായി അപലപിച്ച് ഇറാനും രംഗത്തെത്തി. അതേസമയം ആക്രമണത്തെക്കുറിച്ച് പ്രതികരിക്കാന്‍ വൈറ്റ് ഹൗസ് ഇതുവരെ തയ്യാറായിട്ടില്ല.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയെന്നാണ് ഇസ്രയേല്‍ പറയുന്നത്. ബോംബര്‍ ജെറ്റുകള്‍ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ടെന്നും ഇസ്രായേല്‍ പ്രതികരിച്ചു. നിരവധി തവണ സ്‌ഫോടനം കേട്ടെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. 35 പേര്‍ കൊല്ലപ്പെട്ടെന്നാണ് വിവരം. ഹമാസ് പൊളിറ്റ് ബ്യൂറോ അംഗങ്ങള്‍ താമസിക്കുന്ന സ്ഥലത്താണ് ഇസ്രയേല്‍ ആക്രമണമെന്ന് ഖത്തര്‍ സ്ഥിരീകരിച്ചു. ഒക്ടോബര്‍ 7 ലെ ക്രൂരമായ കൂട്ടക്കൊലയ്ക്ക് നേരിട്ട് ഉത്തരവാദികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ഐഡിഎഫ് പറഞ്ഞു. ആക്രമണങ്ങള്‍ക്ക് മുന്‍പ് സാധാരണക്കാര്‍ക്ക് ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ ലഘൂകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിരുന്നുവെന്ന് ഐഡിഎഫ് പ്രസ്താവനയില്‍ അറിയിച്ചു. ജനവാസ മേഖലയിലല്ല ആക്രമണം നടത്തിയതെന്നും ഹമാസ് നേതാക്കള്‍ ഒളിച്ചിരുന്ന സ്ഥലത്താണ് ആക്രണം നടത്തിയതെന്നുമാണ് ഇസ്രയേല്‍ വിശദീകരിക്കുന്നത്.



