Blog

തങ്ങൾക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ഇസ്രയേൽ; ‘ഇറാന്റെ ആണവശേഷി നിര്‍വീര്യമാക്കാൻ തനിച്ച് പ്രവര്‍ത്തിക്കും’

ഇറാനെതിരായ ആക്രമണത്തിൽ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിൻ നെതന്യാഹു. ഇറാന്റെ ആണവ ശേഷി നര്‍വീര്യമാക്കാൻ തങ്ങൾ ഒറ്റയ്ക്ക് പ്രവര്‍ത്തിക്കും. അമേരിക്ക പിന്തുണയ്ക്കുന്ന കാര്യം പ്രസിഡന്റ് ട്രംപിന്റെ തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ഇറാനിലെ അധികാര മാറ്റം ഔദ്യോഗികമായി ഇസ്രയേൽ ലക്ഷ്യമിടുന്നില്ല. പക്ഷെ അന്തിമ ഫലം അതായിരിക്കും. അധികാര മാറ്റത്തെ കുറിച്ച് ഇറാനിലെ ജനങ്ങൾ തന്നെ തീരുമാനം എടുക്കട്ടേയെന്നും നെതന്യാഹു പറഞ്ഞു.

അതേസമയം, ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ അമേരിക്ക ഇടപെടണോ എന്നതിൽ രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമുണ്ടാകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുകയാണ്. സൈനിക നടപടിക്ക് മുമ്പ് നയതന്ത്ര ശ്രമം തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപും അറിയിച്ചിട്ടുണ്ട്. ഇറാൻ നിരുപാധികം കീഴടങ്ങണമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പറഞ്ഞിരുന്നു. യുദ്ധത്തിൽ നേരിട്ട് പങ്കാളിയാകുമെന്ന സൂചനയും ട്രംപ് നൽകി. ഇതിന് പിന്നാലെയാണ് വൈറ്റ് ഹൗസിന്റെ പുതിയ വിശദീകരണം.

ഇതിനിടെ, ഇസ്രായേൽ-ഇറാൻ സംഘർഷത്തിൽ സൈനികമായി ഇടപെടരുതെന്ന് അമേരിക്കക്ക് റഷ്യ മുന്നറിയിപ്പ് നൽകി. റഷ്യൻ വിദേശ കാര്യ ഡെപ്യൂട്ടി മന്ത്രി സെർജി റ്യാബ്കോവാണ് മുന്നറിയിപ്പുമായി രംഗത്തെത്തിയത്. അമേരിക്ക ഇസ്രായേലിന് നേരിട്ട് സൈനിക സഹായം നൽകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് റഷ്യയുടെ ഇടപെടൽ. ഇത്തരത്തിലുള്ള ഊഹാപോഹം പ്രചരിച്ചാൽ പോലും തങ്ങൾ അമേരിക്കക്ക് മുന്നറിയിപ്പ് നൽകും. അമേരിക്ക ഇടപെടുന്ന അവസ്ഥയുണ്ടായാൽ മുഴുവൻ സാഹചര്യത്തെയും സമൂലമായി അസ്ഥിരപ്പെടുത്തുന്ന നടപടിയായിരിക്കുമെന്നും റ്യാബ്കോവ് പറഞ്ഞു. സംഘര്‍ഷത്തിൽ തങ്ങൾ മധ്യസ്ഥത വഹിക്കാമെന്നും റഷ്യ അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button