InternationalNews

ബന്ദികളില്‍ പകുതിപേരെ മോചിപ്പിച്ചാൽ വെടിനിര്‍ത്തലിന് തയ്യാർ : ഇസ്രയേല്‍

ബന്ദികളില്‍ പകുതിപേരെ മോചിപ്പിക്കുകയാണെങ്കില്‍ 45 ദിവസത്തേക്ക് വെടിനിര്‍ത്താമെന്ന് ഇസ്രയേല്‍ പറഞ്ഞതായി ഹമാസ്. കരാറിന്‍റെ ആദ്യ ആഴ്ചയില്‍ പകുതി ബന്ദികളെ മോചിപ്പിക്കുക. 45 ദിവസത്തെ വെടിനിര്‍ത്തല്‍ നടപ്പാക്കുക. സഹായങ്ങള്‍ എത്തിക്കുക എന്നിവയാണ് ഇസ്രയേല്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍. ഇവ ഈജിപ്തില്‍ നിന്നുള്ള മധ്യസ്ഥര്‍ അംഗീകരിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം ഏറ്റവും വലിയ പ്രതിസന്ധിയില്‍ കൂടിയാണ് ഗാസ കടന്നുപോകുന്നതെന്ന് യുഎന്‍ വ്യക്തമാക്കി. 2023 ഒക്ടോബര്‍ 7 ന് യുദ്ധം ആരംഭിച്ചപ്പോള്‍ 251 ഇസ്രയേലുകാരെയാണ് ഹമാസ് ബന്ദികളാക്കിയത്. ഇത് 28 പേരെ ഇതുവരെ മോചിപ്പിക്കാന്‍ സാധിച്ചിട്ടില്ല. നിലവില്‍ ബന്ദികളാക്കപ്പെട്ടവരില്‍ 34 പേര്‍ ഇസ്രയേല്‍ സൈനികരാണ്.

ഹമാസ് സായുധ വിഭാഗമായ ഖാസം ബ്രിഗേഡ് തങ്ങള്‍ ബന്ദിയാക്കിയ ഇസ്രയേല്‍ സൈനികന്‍റെ വീഡിയോ കഴിഞ്ഞ ദിവസം ഹമാസ് പുറത്തുവിട്ടിരുന്നു. ഇസ്രയേല്‍-യൂഎസ് പൗരനായ ഈഡന്‍ അലക്സാണ്ടര്‍ ഇസ്രയേല്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വീഡിയോയാണ് ശനിയാഴ്ച ഇവര്‍ പുറത്തുവിട്ടത്. 551 ദിവസങ്ങളായി ഈഡനെ ഹമാസ് ബന്ദിയാക്കിയിട്ട്. വീഡിയോയില്‍ സ്വയം പരിചയപ്പെടുത്തുന്ന ഈഡല്‍ ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കുകയും എന്തുകൊണ്ട് തന്‍റെ മോചനം സാധ്യമാവുന്നില്ല എന്ന് ചോദിക്കുകയും ചെയ്യുന്നുണ്ട്.

551 ദിവസമായി തടവിലെന്നും അവധിയാഘോഷിക്കാന്‍ കുടുംബത്തോടൊപ്പം എത്തിച്ചേരാന്‍ സാധിക്കുമെന്ന പ്രത്യാശയുണ്ടെന്നുമാണ് ഈഡന്‍ പറഞ്ഞത്. ജൂത വിഭാഗത്തിന്‍റെ പെസഹയായ പാസോവര്‍ ആഘോഷങ്ങള്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ഹമാസ് വീഡിയോ പുറത്തു വിട്ടത്. വെടിനിര്‍ത്തലിന്‍റെ രണ്ടാംഘട്ടത്തിലേക്ക് ഇസ്രയേല്‍ കടക്കുകയാണെങ്കില്‍ ഈഡനെ വിട്ടുനല്‍കാം എന്ന് ഹമാസ് പറഞ്ഞിരുന്നു. 2023 ഒക്ടോബറില്‍ യുദ്ധം ആരംഭിക്കുന്ന സമയത്ത് ഗാസ അതിര്‍ത്തിയില്‍ നിലയുറപ്പിച്ചിരുന്ന സൈനികനായിരുന്നു ഈഡന്‍. പിന്നീട് ഹമാസ് ഇയാളെ ബന്ദിയാക്കി. 22 കാരനായ ഈഡന്‍ അലക്സാണ്ടര്‍ ടെല്‍ അവീലിലാണ് ജനിച്ചത്. വളര്‍ന്നത് അമേരിക്കയിലും. 2022 ലാണ് ഇയാള്‍ ഇസ്രയേല്‍ സൈന്യത്തില്‍ ചേരുന്നത്. ഇതിനു മുമ്പും ഈഡന്‍റെ വീഡിയോ ഹമാസ് പുറത്തുവിട്ടിരുന്നു. ബന്ദികള്‍ വീട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ട്. ഭയവും ഒറ്റപ്പെടലും ബന്ദികളെ കൊല്ലുകയാണ്. ഞങ്ങളെ മറക്കരുത് എന്നാണ് അന്ന് ഈഡന്‍ ആ വീഡിയോയില്‍ പറഞ്ഞിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button