തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മൃതദേഹം മാത്രമാണ് ഹമാസ് ഇതുവരെ കൈമാറിയത്, ഹമാസിനെ പൂർണ്ണമായും തുടച്ചു നീക്കണം ; ഇസ്രയേൽ

ടെൽ അവീവ്: ഹമാസിനെ പൂർണമായി തുടച്ചു നീക്കണമെന്ന് ഇസ്രയേൽ. ഒരിടത്തും ഹമാസ് അവശേഷിക്കാൻ അനുവദിക്കരുതെന്ന് ഇസ്രയേൽ അഭിപ്രായപ്പെട്ടു. ഗാസയിൽ തങ്ങളെ എതിർത്തവരെ ഹമാസ് പരസ്യമായി കൂട്ടക്കൊല ചെയ്തുവെന്നും ഇസ്രായേൽ ആരോപിക്കുന്നു. വീഡിയോ പങ്കുവെച്ചായിരുന്നു ഇസ്രയേലിന്‍റെ ആരോപണം. അതേസമയം, ഗാസയിലെ വെടിനിർത്തൽ കരാറിൽ ഇനിയെന്തെന്ന കാര്യത്തിൽ കടുത്ത അനിശ്ചിതത്വം തുടരുകയാണ്.
തടവിൽ മരിച്ച 28 ബന്ദികളിൽ 4 പേരുടെ മാത്രം മൃതദേഹമാണ് ഹമാസ് ഇതുവരെ കൈമാറിയത്. മറ്റുള്ളവരുടെ മൃതശരീരം വീണ്ടെടുക്കാൻ ആയില്ലെന്നാണ് ഹമാസ് പറയുന്നത്. ഇത് ചതിയെന്ന് ബന്ദികളുടെ കുടുംബങ്ങൾ പറയുന്നു. തടവ് കാലത്ത് ക്രൂര പീഡനം ഏറ്റെന്ന് ഇരു പക്ഷത്തും മോചിതരായവർ ആരോപിക്കുന്നു. ഹമാസ് പൂർണ്ണമായും നിരായുധരായാൽ മാത്രമേ യുദ്ധം അവസാനിക്കൂ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരത്തെ പറഞ്ഞിരുന്നു. ഇസ്രായേൽ സൈന്യം ഗാസയിൽ നിന്ന് പൂർണ്ണമായി പിൻവാങ്ങുകയും യുദ്ധം വീണ്ടും തുടങ്ങില്ലെന്ന് ഉറപ്പാക്കുകയും ചെയ്യണം എന്ന് ഹമാസ് ആവശ്യപ്പെടുന്നു. ഇത് അടക്കം ഒട്ടേറെ വിഷയങ്ങളിൽ ഭിന്നത തുടരുകയാണ്. ഗാസയുടെ ഭരണച്ചുമതല ഇനി ആർക്കായിരിക്കും എന്നതിലാണ് ഏറ്റവും വലിയ അനിശ്ചിതത്വം. ബന്ദികളുടെയും തടവുകാരുടെയും കൈമാറ്റം നല്ല തുടക്കമായി ലോകരാജ്യങ്ങൾ വിലയിരുത്തുന്നു എങ്കിലും ഭാവി എന്തെന്നതിൽ വ്യക്തതയില്ല. അതേസമയം രണ്ടാം ഘട്ട ചർച്ചകൾ തുടങ്ങി കഴിഞ്ഞുവെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് അറിയിച്ചു




