International

ഇറാനിലെ 250 ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം

പശ്ചിമേഷ്യന്‍ മേഖലയില്‍ അശാന്തിയുടെ കരിനിഴല്‍ വീഴ്ത്തിയ ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷം (Israel Iran Conflicts) മൂന്ന് ദിനങ്ങള്‍ പിന്നിടുന്നു. ഇറാനിലെ ആണവ കേന്ദ്രങ്ങള്‍, സൈനിക കേന്ദ്രങ്ങള്‍, ജനവാസ കേന്ദ്രങ്ങള്‍ ആക്രമിച്ച ഇസ്രയേല്‍ നടപടിക്ക് പിന്നാലെയാണ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമായത്. ഇസ്രയേല്‍ ആക്രമണത്തിന് മറുപടിയായി ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളും ഉപയോഗിച്ച് ഇറാന്‍ തിച്ചടിച്ചതോടെ പശ്ചിമേഷ്യ വീണ്ടും യുദ്ധ ഭീതിയിലേക്ക് കടന്നു കഴിഞ്ഞു.

ഇരുരാജ്യങ്ങളും ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ ആവശ്യപ്പെട്ടുകഴിഞ്ഞു. മധ്യസ്ഥ നീക്കങ്ങളും സജീവമായി പുരോഗമിക്കുന്നുണ്ട്. എന്നാല്‍ രാജ്യത്തെ സിവിലിയന്‍ മരണങ്ങള്‍ക്ക് ഇറാന്‍ കനത്ത് വില നല്‍കേണ്ടിവരുമെന്ന് ആവര്‍ത്തിക്കുകയാണ് ഇസ്രയേല്‍. ഒറ്റരാത്രിയില്‍ ഇറാന്‍ നടത്തിയ ആക്രമണങ്ങളില്‍ ഇസ്രയേലില്‍ പത്തിലധികം പേര്‍ മരിച്ചെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയായിരുന്നു ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ പ്രതികരണം. അതേസമയം, ഇസ്രായേല്‍ ആക്രമണങ്ങളില്‍ 128 പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വടക്കന്‍ ടെഹ്റാന്‍ പ്രദേശത്ത് ഇസ്രയേല്‍ ആക്രമണം വലിയ നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

ഒടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാനിലെ 250 ഇടങ്ങളില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയിട്ടുണ്ടെന്ന് ഐഡിഎഫ് അറിയിച്ചു. ഇറാന്‍ ആക്രമണങ്ങളില്‍ പുറമെ ടെല്‍ അവീവിന്റെ തെക്ക് ഭാഗത്തുള്ള ബാറ്റ് യാമില്‍ ആറ് പേരും വടക്കന്‍ പട്ടണമായ തമ്രയില്‍ നാല് പേരും കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. 100 ലധികം ഇസ്രായേലികള്‍ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥര്‍ പറയുന്നു. ഞായറാഴ്ച ഉച്ചതിരിഞ്ഞും ഇറാന്‍ മിസൈലുകള്‍ ഇസ്രയേല്‍ മേഖലകളിലെത്തിയാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണങ്ങള്‍ ഇസ്രയേല്‍ പ്രതിരോധ സംവിധാനങ്ങള്‍ തടഞ്ഞുവെന്നും പ്രത്യാഘാതങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നം ഐഡിഎഫ് അവകാശപ്പെടുന്നു. ശനിയാഴ്ച ഉച്ചവരെ ഇറാനില്‍ 128 പേര്‍ കൊല്ലപ്പെട്ടതായും 900 ഓളം പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button