ഹോർമുസ് കടലിടുക്ക് ഉടൻ തുറക്കും; നടപടികൾ ആരംഭിച്ച് ഇറാൻ; ആഗോള എണ്ണ വിപണിയിൽ ആശ്വാസം; ഇന്ത്യയിലേക്കുള്ള ഇറക്കുമതിയിലും മാറ്റം

ടെഹ്റാൻ: ഹോർമുസ് തുറക്കാൻ നടപടികൾ ആരംഭിച്ച് ഇറാൻ. നാളെയോ മറ്റന്നാളോ തുറന്നേക്കും. യുദ്ധത്തെ തുടർന്ന് ഇറാൻ ഹോർമുസ് കടലിടുക്ക് അടച്ചതോടെ പെട്രോളിയം വാതക (എൽപിജി) ഇറക്കുമതിയിൽ 40% കുറവുണ്ടായി. 2025 ഡിസംബറിലും 2026 ജനുവരി-ഫെബ്രുവരി മാസങ്ങളിലും റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നന്നേ കുറഞ്ഞിരുന്നു. അമേരിക്കയുടെ ഇടപെടലിനെ തുടർന്നാണ് ഇന്ത്യ റഷ്യൻ ഓയിൽ വാങ്ങുന്നത് കുറച്ചത്. എന്നാൽ, യുദ്ധത്തെ തുടർന്ന് അമേരിക്ക പ്രഖ്യാപിച്ച 30 ദിവസത്തെ ഇളവിലാണ് റഷ്യയിൽ നിന്നുള്ള ഇറക്കുമതി കുതിച്ചുയർന്നത്. അംഗോള, ഗാബൺ, ഘാന, കോംഗോ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയും വർദ്ധിച്ചു. മധ്യപൂർവേഷ്യൻ ഉൽപാദകർ ഹോർമുസിനെ മറികടക്കുന്ന പൈപ്പ്‌ലൈനുകൾ വഴി വിതരണങ്ങൾ ഭാഗികമായി വഴിതിരിച്ചുവിടുന്നു. സൗദി അറേബ്യയുടെ ഈസ്റ്റ്-വെസ്റ്റ് (യാൻബു) പൈപ്പ്‌ലൈനും യുഎഇയുടെ ഹബ്ഷാൻ-ഫുജൈറ പൈപ്പ്‌ലൈനും ഉപയോഗം വർധിപ്പിച്ചു. അതേസമയം, ഇന്ത്യൻ കപ്പലുകൾക്ക് സഞ്ചരിക്കാൻ ഇറാൻ അനുമതി നൽകിയിരുന്നു.


