ഇടപെട്ട് യൂറോപ്യൻ യൂണിയൻ; വഴങ്ങാതെ ഇറാൻ, തിരിച്ചടി തുടരും: ഇസ്രയേൽ ആക്രമണം അമേരിക്കൻ പിന്തുണയോടെയാടെയെന്നും വിമർശനം

ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിൽ ഇടപെട്ട് യൂറോപ്യൻ യൂണിയൻ. യൂറോപ്യൻ യൂണിയൻ വിദേശകാര്യ നയമേധാവി കാജ കല്ലാസ് ഇറാനിയൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. എന്നാൽ, തിരിച്ചടി തുടരുമെന്നും ഇസ്രയേലിന്‍റെ ആക്രമണം അമേരിക്കയുടെ പിന്തുണയോടെയാണെന്നും ഇറാൻ യൂറോപ്യൻ യൂണിയനെ അറിയിച്ചു.
ആക്രമണം തുടരുന്ന സാഹചര്യത്തിൽ ഇനി അമേരിക്കയുമായി ആണവ ചർച്ച ഉണ്ടാകില്ലെന്നും ഇറാൻ അറിയിച്ചു. അന്താരാഷ്ട്ര ആണവ ഊർജ ഏജൻസിക്കെതിരായ വിമർശനം ഇറാൻ അറിയിച്ചു. ഐഎഇഎയുടെ പ്രമേയം ഇറാന്‍റെ ആണവ ഊർജം ശ്രമങ്ങളെ തകർക്കുന്ന സയണിസ്റ്റ് പദ്ധതികളോട് ചേര്‍ന്നുനിൽക്കുന്നതാണെന്നും ഇറാൻ അറിയിച്ചു. യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ചര്‍ച്ചയിലും അയയാതെ തിരിച്ചടി തുടരുമെന്നാണ് ഇറാൻ വ്യക്തമാക്കിയത്.
ഇറാന്‍റെ ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘര്‍ഷം രൂക്ഷമായത്. അതേസമയം,പടിഞ്ഞാറൻ ഇറാനും ടെഹറാനുമിടയിൽ ഇനി വ്യോമപ്രതിരോധ സംവിധാനങ്ങൾ അവശേഷിക്കുന്നില്ലെന്ന ഇസ്രയേൽ അവകാശ വാദം ഉന്നയിച്ചു. ഇസ്രയേലിന്‍റെ എഫ്-35 യുദ്ധ വിമാനം വീഴ്ത്തിയെന്നും പൈലറ്റ് പിടിയിലായെന്നും ഇറാൻ അവകാശപ്പെട്ടു. നേരത്തെ രണ്ടു യുദ്ധ വിമാനങ്ങള്‍ വീഴ്ത്തിയെന്ന അവകാശവാദത്തിന് പിന്നാലെയാണിപ്പോള്‍ മൂന്നാമത്തെ ഇസ്രയേൽ യുദ്ധ വിമാനവും വീഴ്ത്തിയെന്ന് ഇറാൻ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.