News

ഇറാന്‍-ഇസ്രയേല്‍ ആക്രമണ പരമ്പര: തങ്ങള്‍ ഇറാനൊപ്പമെന്ന് റഷ്യ, ഇസ്രയേലിന് താക്കീത്

റാനെതിരായ ഇസ്രയേലിന്റെ ആക്രമണങ്ങളെ ശക്തമായി അപലപിച്ച് റഷ്യ. ഇറാന് എതിരെയുള്ള ഇസ്രയേലിന്റെ ആക്രമണം അന്താരാഷ്ട്ര നിയമം ലംഘിക്കുന്നതാണെന്നും കൂടാതെ മിഡില്‍ ഈസ്റ്റില്‍ സംഘര്‍ഷങ്ങള്‍ അപകടകരമായി വര്‍ദ്ധിക്കാന്‍ ഇത് കാരണമാകുമെന്നും റഷ്യ ചൂണ്ടിക്കാണിച്ചു. നേരത്തെ, ഇറാനിലെ സൈനിക, ആണവ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് നിരവധി ആക്രമണങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) അറിയിച്ചിരുന്നു. ഐആര്‍ജിസി കമാന്‍ഡര്‍ ഹൊസൈന്‍ സലാമി, ഡെപ്യൂട്ടി ചീഫ് ഓഫ് ആര്‍മി സ്റ്റാഫ് ഘോലം അലി റാഷിദ് എന്നിവരുള്‍പ്പെടെ നിരവധി മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാരും കുറഞ്ഞത് ആറ് ആണവ ശാസ്ത്രജ്ഞരും ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇറാന്‍ ആണവായുധങ്ങള്‍ സ്വന്തമാക്കുന്നത് തടയുക എന്നതാണ് ഈ ഓപ്പറേഷന്‍ ലക്ഷ്യമിടുന്നതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. ഒമാനില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന അമേരിക്ക-ഇറാന്‍ ആണവ ചര്‍ച്ചകളുടെ ആറാം റൗണ്ടിന് രണ്ട് ദിവസം മുമ്പാണ് ആക്രമണം ഉണ്ടായത്.

ഇസ്രയേലിന്റ അക്രമാസക്തമായ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇന്റര്‍നാഷണല്‍ ആറ്റോമിക് എനര്‍ജി ഏജന്‍സി (ഐഎഇഎ) ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്സിന്റെ ഒരു സെഷനും മറ്റൊരു റൗണ്ട് ആണവ ചര്‍ച്ചകള്‍ നടക്കാനിരിക്കുന്നതിനിടെ ഉണ്ടായ ആക്രമണങ്ങള്‍ നിലവിലെ സ്ഥിതിഗതികള്‍ക്ക് ദോഷം വരുത്തുമെന്നും റഷ്യന്‍ മന്ത്രാലയം അഭിപ്രായപ്പെട്ടു. ഇറാനെതിരെയുള്ള പ്രകോപനത്തിന്റെ എല്ലാ അനന്തരഫലങ്ങളുടെയും ഉത്തരവാദിത്തം ഇസ്രയേലിന് ആയിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

ഇറാനിയന്‍ പൗരന്മാര്‍ക്കൊപ്പം റഷ്യന്‍ എംബസി ജീവനക്കാരും ഇസ്രയേലിന്റെ ആക്രമണത്തിന് വിധേയരായിട്ടുണ്ടെന്ന് റഷ്യ ചൂണ്ടിക്കാണിക്കുന്നു. സ്ഥിതിഗതികള്‍ സംബന്ധിച്ച ഐഎഇഎയുടെ നടപടികള്‍ റഷ്യ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങള്‍ റേഡിയോളജിക്കല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാമെന്നും റഷ്യ ചൂണ്ടിക്കാണിക്കുന്നു. ഇറാനിയന്‍ ആണവ പ്രശ്നത്തിന് സൈനികപരമായല്ല മറുപടി പറയേണ്ടതെന്നും സമാധാനപരമായ രാഷ്ട്രീയ, നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ അത് നേടിയെടുക്കാന്‍ കഴിയൂ എന്നും റഷ്യ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button