Sports

ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍: കനത്ത തുക പിഴയിട്ട് ബിസിസിഐ, ശ്രേയസ് അയ്യര്‍ 24 ലക്ഷം, ഹര്‍ദ്ദിക് പാണ്ഡ്യ 30 ലക്ഷം

അഹമ്മദാബാദ്: ഐപിഎല്‍ രണ്ടാം ക്വാളിഫയര്‍ പോരാട്ടത്തില്‍ പഞ്ചാബ് കിങ്‌സ്, മുംബൈ ഇന്ത്യന്‍സ് നായകന്‍മാര്‍ക്കും ടീം അംഗങ്ങള്‍ക്കും കനത്ത തുക പിഴയിട്ട് ബിസിസിഐ. മഴയെ തുടര്‍ന്നു രണ്ടര മണിക്കൂറോളം വൈകിയാണ് പോരാട്ടം ആരംഭിച്ചത്. നിശ്ചിത സമയത്ത് ഓവറുകള്‍ എറിഞ്ഞു തീര്‍ക്കാത്തതിനെ തുടര്‍ന്നാണ് ഇരു ടീമുകള്‍ക്കും വന്‍ തുക പിഴയിട്ടത്.

പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 24 ലക്ഷം രൂപയും ടീം അംഗങ്ങള്‍ ആറ് ലക്ഷം രൂപ വീതവും പിഴയൊടുക്കണം. മുംബൈ ക്യാപ്റ്റന്‍ ഹര്‍ദ്ദിക് പാണ്ഡ്യ 30 ലക്ഷമാണ് പിഴയടക്കേണ്ടത്. കളത്തിലെത്തിയ മുംബൈ ടീമിലെ മറ്റു താരങ്ങളെല്ലാം 12 ലക്ഷവും അടയ്ക്കണം.

മഴയെ തുടര്‍ന്നു വല്ലാതെ വൈകി പോയ മത്സരം ഓവറുകള്‍ കൃത്യ സമയത്ത് എറിഞ്ഞു തീര്‍ക്കാതെ വീണ്ടും വൈകിച്ചതാണ് ഇരു ക്യാപ്റ്റന്‍മാര്‍ക്കും വിനയായത്. ശ്രേയസ് അയ്യര്‍ രണ്ടാം തവണയാണ് ഇതേ കുറ്റത്തിനു ശിക്ഷിക്കപ്പെടുന്നത്. ഹര്‍ദ്ദിക്കിനു വിനയായത് മൂന്നാം തവണയും സമാന കുറ്റം വന്നതാണ്. കഴിഞ്ഞ സീസണിലും 3 തവണ കുറഞ്ഞ ഓവര്‍ നിരക്കിനു ഹര്‍ദ്ദിക് ശക്ഷിക്കപ്പെട്ടിരുന്നു. അതോടെ ഇത്തവണ ആദ്യ മത്സരത്തില്‍ താരത്തിനു വിലക്കും കിട്ടിയിരുന്നു. ഇത്തവണയും സമാനമായി 3 തവണ ശിക്ഷിക്കപ്പെട്ടെങ്കിലും അടുത്ത തവണ താരത്തിനു വിലക്ക് കിട്ടില്ല. ബിസിസിഐ നിയമത്തില്‍ ഇളവു വരുത്തിയതാണ് അനുകൂലമായത്.

ടീം അംഗങ്ങള്‍ക്കു പിഴത്തുകയില്‍ ഇളവുണ്ട്. 6 ലക്ഷം അടയ്‌ക്കേണ്ട പഞ്ചാബ് താരങ്ങള്‍ക്ക് മാച്ച് ഫീയില്‍ 25 ശതമാനം അതില്‍ കുറവാണെങ്കില്‍ ആ തുക അടച്ചാല്‍ മതി. സമാനമായി മുംബൈ താരങ്ങള്‍ക്കും ഇളവുണ്ട്. മാച്ച് ഫീയില്‍ 50 ശതമാനം കുറവാണെങ്കില്‍ ആ തുകയാണ് അവര്‍ അടയ്‌ക്കേണ്ടത്. നായകന്‍മാര്‍ക്ക് പക്ഷേ ഇളവില്ല.

ഐപിഎല്‍ രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്സിന്റെ ജയം ആവേശകരമായിരുന്നു. 11 വര്‍ഷങ്ങള്‍ക്കു ശേഷമാണ് പഞ്ചാബ് ഫൈനലുറപ്പിച്ചത്. ത്രില്ലര്‍ പോരിലൂടെയാണ് ആറാം കിരീടം ലക്ഷ്യമിട്ടുള്ള മുംബൈ ഇന്ത്യന്‍സിന്റെ പ്രയാണത്തിന് പഞ്ചാബ് പ്രതിരോധം തീര്‍ത്തത്. ഒന്നാം ക്വാളിഫയറില്‍ സംഭവിച്ച പിഴവുകള്‍ തിരുത്തിയാണ് പഞ്ചാബ് ഫൈനല്‍ ബര്‍ത്ത് ഉറപ്പിച്ചത്.

മത്സരത്തിന്റെ തുടക്കം മുതല്‍ മുംബൈയ്ക്ക് എതിരായിരുന്നു സാധ്യതകള്‍. മഴമൂലം രണ്ട് മണിക്കൂര്‍ വൈകിയായിരുന്നു മത്സരം ആരംഭിച്ചത്. മഴമൂലം മത്സരം ഉപേക്ഷിച്ചാലും മുംബൈയ്ക്ക് ഫൈനല്‍ സാധ്യതകള്‍ നഷ്ടമാകുമായിരുന്നു. പിന്നാലെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ, നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ആറു പന്തും അഞ്ച് വിക്കറ്റും ബാക്കിയാക്കി പഞ്ചാബ് ലക്ഷ്യത്തിലെത്തി. ഇതോടെ ചൊവ്വാഴ്ച നടക്കുന്ന ഫൈനലില്‍ പഞ്ചാബ് കിങ്സ് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടും.

താരതമ്യേന ഉയര്‍ന്ന വിജയലക്ഷ്യം ആയിരുന്നു പഞ്ചാബിന് മുന്നില്‍ മുംബൈ ഉയര്‍ത്തിയത്. ശ്രദ്ധയോടെ കളി വരുതിയിലാക്കിയ പഞ്ചാബിന് ശ്രേയസ് അയ്യരുടെ അപരാജിത അര്‍ധസെഞ്ചറി ഉറച്ച ചുവടായി മാറി. അയ്യര്‍ 41 പന്തില്‍ അഞ്ച് ഫോറും എട്ടു പടുകൂറ്റന്‍ സിക്സറും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരറ്റത്ത് തുടര്‍ച്ചായായി വിക്കറ്റുകള്‍ വീണപ്പോഴും ശ്രേയസ് അയ്യര്‍ പഞ്ചാബിന് ശക്തമായ അടിത്തറ പാകുകയായിരുന്നു.

ഓപ്പണര്‍ പ്രഭ്സിമ്രാന്‍ സിങ് (6) ശശാങ്ക് സിങ് (2) എന്നിവര്‍ മാത്രമാണ് പഞ്ചാബ് നിരയില്‍ നിരാശപ്പെടുത്തിയത്. മുംബൈയ്ക്കായി അശ്വനികുമാര്‍ നാല് ഓവറില്‍ 55 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു. ട്രെന്റ് ബോള്‍ട്ട്, ഹര്‍ദ്ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ഓരോ വിക്കറ്റും ലഭിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button