Kerala

നിക്ഷേപകന്റെ ആത്മഹത്യ: കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്; സാബുവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കും

ഇടുക്കി കട്ടപ്പനയിൽ സഹകരണബാങ്കിന് മുന്നിൽ നിക്ഷേപകൻ സാബു ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണം സംഘം ഇന്നുമുതൽ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തും. സാബുവിന്റെ ബന്ധുക്കളുടെയും ആരോപണവിധേയരായ ബാങ്ക് ജീവനക്കാരുടെയും സിപിഎം മുൻ ഏരിയാ സെക്രട്ടറി വിആർ സജിയുടെയും മൊഴിയെടുക്കും.

സാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താനും പൊലീസ് ആലോചിക്കുന്നു. തെളിവുകൾ കിട്ടുന്ന മുറയ്ക്ക് കൂടുതൽ വകുപ്പുകൾ ചേർക്കാനാണ് തീരുമാനം. സാബുവിന്റെ മൊബൈൽ ഫോൺ വിദഗ്ധ പരിശോധനയ്ക്ക് അയക്കാനായി പൊലീസ് കസ്റ്റഡിയിൽ വാങ്ങാനും ആലോചിക്കുന്നുണ്ട്.

നിക്ഷേപകൻ ജീവനൊടുക്കിയ സംഭവത്തിൽ ജീവനക്കാർ മോശമായി പെരുമാറിയോ എന്ന് അന്വേഷിക്കുമെന്ന് റൂറൽ ഡെവലപ്‌മെന്റ് സഹകരണ സൊസൈറ്റി പ്രസിഡന്റ് എംജെ വർഗീസ് സൂചിപ്പിച്ചു. സാബുവിനോട് മോശം പെരുമാറ്റം ഉണ്ടായെങ്കിൽ നടപടി സ്വീകരിക്കുമെന്നും വർഗീസ് പറഞ്ഞു. സാബുവിനോട് ജീവനക്കാരുടെ ഭാഗത്തു നിന്നും മോശം പെരുമാറ്റം ഉണ്ടായെന്ന് വിവരമുണ്ടെന്നും അക്കാര്യം അടക്കം അന്വേഷിക്കുമെന്നും സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് പ്രതികരിച്ചിരുന്നു.

സഹകരണ ബാങ്കിന് മുന്നിൽ ജീവനൊടുക്കിയ കട്ടപ്പനയിലെ വ്യാപാരിയും നിക്ഷേകപനുമായ മുളങ്ങാശ്ശേരിയിൽ സാബു(56)വിന്റെ മൃതദേഹം ഇന്നലെ സംസ്‌കരിച്ചു. പൊതുദർശനത്തിന് ശേഷം കട്ടപ്പന സെന്റ് ജോർജ് പള്ളിയിലാണ് മൃതദേഹം സംസ്‌കരിച്ചത്. നിക്ഷേപിച്ച തുക ചോദിച്ചു ചെന്ന സാബുവിനെ സിപിഎം മുൻ ഏരിയാ സെക്രട്ടറിയും സൊസൈറ്റി മുൻ പ്രസിഡന്റുമായ വി ആർ സജി ഭീഷണിപ്പെടുത്തുന്ന ഫോൺ സന്ദേശം കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button