Kerala

സത്യഭാമക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

തൃശൂര്‍: ഡോ. ആര്‍എല്‍വി രാമകൃഷ്ണനെതിരെ വിവാദ പരാമര്‍ശം നടത്തിയ കലാമണ്ഡലം സത്യഭാമക്കെതിരെ കേസെടുത്ത് സംസ്ഥാന മനുഷ്യവകാശ കമ്മീഷന്‍. തൃശൂർ ജില്ലാ പോലീസ് മേധാവിയും സംസ്കാരിക വകുപ്പ് സെക്രട്ടറിയും 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം വി.കെ. ബീനകുമാരി നിർദ്ദേശിച്ചു.

കറുത്ത നിറമുള്ളവർ നൃത്തം ചെയ്യരുതെന്ന് പറഞ്ഞ പരാമർശത്തിനെതിരെയാണ് കേസെടുത്തത്. തൃശ്ശൂർ ജില്ലാ പൊലീസ് മേധാവിയും സാംസ്കാരിക വകുപ്പ് ഗവൺമെന്‍റ് സെക്രട്ടറിയും പരാമർശം പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെട്ടു. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

പുരുഷന്മാർ മോഹിനിയാട്ടം കളിക്കുന്നത് അരോചകമാണെന്നും ഇയാൾക്ക് കാക്കയുടെ നിറമാണെന്നുമായിരുന്നു സത്യഭാമയുടെ വാക്കുകൾ. “മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കേണ്ടത്. ഇയാള് കണ്ട് കഴിഞ്ഞാല്‍ കാക്കയുടെ നിറം. എല്ലാം കൊണ്ടും കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണ് മോഹിനിയാട്ടം.

ഒരു പുരുഷൻ ഇങ്ങനെ കാല് കവച്ചുവെച്ച് മോഹിനിയാട്ടം കളിക്കുകയെന്ന് പറഞ്ഞാല്‍ ഇതുപോലെയൊരു അരോജകത്വം വെറെയില്ല. എന്‍റെ അഭിപ്രായത്തില്‍ ആണ്‍പിള്ളേര്‍ക്ക് മോഹിനിയാട്ടം ചേരുകയാണെങ്കില്‍ തന്നെ അവര്‍ക്ക് അതുപോലെ സൗന്ദര്യം വേണം. ആണ്‍ പിള്ളേരില്‍ നല്ല സൗന്ദര്യം ഉള്ളവര്‍ ഇല്ലേ? ഇവനെ കണ്ടാല്‍ ദൈവം പോലും, പെറ്റ തള്ള പോലും സഹിക്കില്ല”- ഇതായിരുന്നു വീഡിയോയിലെ കലാമണ്ഡലം സത്യഭാമയുടെ വിവാദ പ്രസ്താവന. യൂട്യൂബ് ചാനലില്‍ നടത്തിയ അഭിമുഖത്തിലാണ് വിവാദ പരാമര്‍ശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button