ആശുപത്രിയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്ന നിര്‍ദേശം പാലിക്കപ്പെടുന്നില്ലെന്ന് ആരോഗ്യവകുപ്പ്. ബില്‍ഡിംഗ് ഓഡിറ്റ്, ഫയര്‍ ഓഡിറ്റ്, സേഫ്റ്റി ഓഡിറ്റ് എന്നിവ കൃത്യമായി നടത്തുന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും സമാന അവസ്ഥയെന്നാണ് വിലയിരുത്തല്‍. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനാണ് നീക്കം.
അതേസമയം കോട്ടയം മെഡിക്കല്‍ കോളജ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അടിയന്തര യോഗം വിളിച്ചിരുന്നു. ആരോഗ്യ സെക്രട്ടറി, ഡിഎംഇ, ഡിഎച്ച്എസ് ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.
അപകടത്തിനെക്കുറിച്ച് ഇന്ന് ജില്ലാ കളക്ടര്‍ വിശദമായ അന്വേഷണം ആരംഭിക്കും. പ്രവേശനം നിരോധിച്ചിരുന്ന ശുചിമുറിയില്‍ ആളുകള്‍ കയറിയതിനെ കുറിച്ച് അന്വേഷിക്കും.അപകടത്തില്‍ ജീവന്‍ നഷ്ടമായ ബിന്ദുവിന്റെ സംസ്‌കാരം ഇന്ന് തലയോലപറമ്പില്‍ നടക്കും. അതേസമയം സംഭവത്തില്‍ പ്രതിഷേധം ശക്തമാക്കുകയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍. ഇന്ന് വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ മെഡിക്കല്‍ കോളേജിലേക്ക് പ്രതിഷേധം പ്രകടനം നടത്തും.
ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധ പരിപാടികള്‍ നടത്താനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. എല്ലാ മണ്ഡലം കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ പ്രതിഷേധ പ്രകടനം നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു. അപ്രതീക്ഷിത പ്രതിഷേധങ്ങള്‍ക്ക് സാധ്യതയുള്ളതിനാല്‍ ആരോഗ്യമന്ത്രിയുടെ വസതിക്കും ഓഫീസിനും കനത്ത പൊലീസ് കാവലാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.