CinemaNews

കേരളത്തിലെ ആദ്യ ഹൊറർ-കോമഡി വെബ് സീരീസ് ‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ കാണാം ZEE5 ൽ

ZEE5 ഇന്റെ പുതിയ മലയാളം ഒറിജിനൽ വെബ് സീരീസ് ” ഇൻസ്പെക്ഷൻ ബംഗ്ലാവ് “നവംബർ 14 മുതൽ പ്രേക്ഷകരിലേക്ക് എത്തുന്നു. ചിത്രത്തിന്റെ ട്രെയിലർ ജനപ്രിയ നായകൻ ദിലീപ് പുറത്തിറക്കി. സൈജു എസ്.എസ് സംവിധാനം ചെയ്യുന്ന ഹൊറർ-കോമഡി വെബ് സീരീസിൽ നായകനായി എത്തുന്നത് ശബരീഷ് വർമ്മയാണ്. വീണ നായർ പ്രൊഡക്ഷൻസ് ബാനറിൽ, വീണ നായർ നിർമ്മിക്കുന്ന സീരീസിന്റെ കഥയും തിരക്കഥയും രചിച്ചിരിക്കുന്നത് സുനീഷ് വരനാടാണ്.

ഒരു പാരനോർമൽ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ കാറ്റഗറിയിൽ പെടുത്താവുന്ന ചിത്രത്തിൽ ആധിയ പ്രസാദ്, ഷാജു ശ്രീധർ, സെന്തിൽ കൃഷ്ണ രാജാമണി എന്നിവരും വേഷമിടുന്നു.കമ്മട്ടം എന്ന സൂപ്പർഹിറ്റ് സീരീസിന് ശേഷം ഭയത്തിന്റെയും ഹാസ്യത്തിന്റെയും പുതിയ കഥയുമായി പ്രേക്ഷകരിലേക്ക് വീണ്ടും എത്തുകയാണ് ZEE5. ഇൻസ്പെക്ഷൻ ബംഗ്ലാവ് ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ്. ഭയം മനസ്സിൽ ഒളിപ്പിക്കുന്ന ഒരു സബ് ഇൻസ്പെക്ടറിനെ നാട്ടുകാർ ‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ എന്ന് വിളിക്കുന്ന ഉപേക്ഷിക്കപ്പെട്ട സർക്കാർ കെട്ടിടത്തിലേക്ക് പോലീസ് സ്റ്റേഷൻ മാറ്റാൻ ചുമതലപ്പെടുത്തുന്നു. ഒരു സാധാരണ സ്ഥലമാറ്റം എന്ന നിലയിൽ ആരംഭിക്കുന്ന കാര്യങ്ങൾ, പിന്നീട് കൂടുതൽ ഭീതിജനകമായി മാറുന്നു. ‘ഇൻസ്പെക്ഷൻ ബംഗ്ലാവ്’ വെറും ഭയത്തെക്കുറിച്ചുള്ള കഥയല്ല. ഇടയിൽ ഇത്തിരി ചിരിയും, ചിന്തയും, സസ്‌പെൻസും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സാധിക്കും എന്ന് ചിത്രത്തിന്റെ സംവിധായകൻ സൈജു എസ്.എസ് പറഞ്ഞു.

വിഷ്ണു എന്ന കഥാപാത്രം ഞാൻ ഇതിനുമുമ്പ് ചെയ്തതിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രമാണെന്നും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും ശബരീഷ് വർമ്മ പറഞ്ഞു. കേരളത്തിലെ ആദ്യത്തെ ഹൊറർ-കോമഡി വെബ് സീരീസിന്റെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് ശബരീഷ് കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button