കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. ക്രൈംബ്രാഞ്ച് കുറ്റപത്രം സമര്‍പ്പിക്കുകയും വിചാരണ കോടതിയില്‍ നടപടികള്‍ പുരോഗമിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലന്ന് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ വ്യക്തമാക്കി.
ക്രൈംബ്രാഞ്ച് 21 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും അതില്‍ 10 എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതായി കോടതി ചൂണ്ടിക്കാട്ടി. ബാക്കി 11 കേസുകളില്‍ അന്വേഷണം ഏതാണ്ട് പൂര്‍ത്തിയായി. ഈ സാഹചര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കുന്നതായി കോടതി വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും അതിനാല്‍ സി ബി ഐ അന്വേഷണം വേണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
ബാങ്കിലെ മുന്‍ ജീവനക്കാരന്‍ എം പി സുരേഷാണ് സി ബി ഐ, ഇ ഡി അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചത്. ഇ ഡി ഇതിനകം അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തില്‍ അക്കാര്യം കോടതി പരിഗണിച്ചില്ല. ഒപ്പം സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കുകയായിരുന്നു.