
പി വി അൻവർ നിലപാട് മയപ്പെടുത്തുന്നുവെന്ന് സൂചന. ഇന്നലെ രാത്രിയിൽ നിർണായക കൂടിക്കാഴ്ചകൾ നടത്തിയതായാണ് വിവരം. ഇന്ന് രാവിലെ 9 മണിക്ക് പി വി അൻവർ മാധ്യമങ്ങളെ കാണും. നിലമ്പൂരിൽ പ്രചാരണം സജീവമാകുകയാണ്. യുഡിഎഫ് പഞ്ചായത്ത് കൺവെൻഷനുകൾ ഇന്ന് ആരംഭിക്കും. ഇന്ന് നടക്കുന്ന നാല് പഞ്ചായത്ത് കൺവെൻഷനുകളിലും പ്രതിപക്ഷ നേതാവ് പങ്കെടുക്കും.
അതേസമയം യുഡിഎഫിന് തലവേദന സൃഷ്ടിച്ച പി വി അൻവർ അയയുകയാണ്. യുഡിഎഫ് അസോസിയേറ്റ് അംഗമെന്ന വാഗ്ദാനത്തിൽ അൻവർ വഴങ്ങാനാണ് സാധ്യത. ഇടതു മുന്നണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കണമെങ്കിലും ഇന്നലെ നേതൃയോഗത്തിൽ നേതക്കൾക്ക് ചുമതലകൾ നിശ്ചയിച്ചതോടെ സിപിഎം താഴെത്തട്ടിലെ പ്രവർത്തനങ്ങൾ കൂടുതൽ സജീവമാക്കിയിരിക്കുകയാണ്.
നിലമ്പൂരിൽ സ്ഥാനാർത്ഥിയെ നിർത്തുന്ന കാര്യത്തിൽ ബിഡിജെഎസിലും രണ്ട് അഭിപ്രായമാണ്. ഇന്നലെ ചേർന്ന ഓൺലൈൻ കൗൺസിൽ യോഗത്തിലും ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കണോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമായിരുന്നില്ല. പിന്നാലെ തീരുമാനം എടുക്കാൻ സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയോട് യോഗം ആവശ്യപ്പെട്ടിരിക്കുകയാണ്. തുഷാർ വെള്ളാപ്പിള്ളി അടുത്ത ദിവസം ബിജെപി നേതാക്കളുമായി ചർച്ച നടത്തി തീരുമാനിക്കും. ബിജെപി മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതോടെ ബിഡിജെഎസിനോട് സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെടുകയായിരുന്നു.