
തിരുവനന്തപുരം: രൂപയുടെ മൂല്യം വീണ്ടും കൂപ്പുകുത്തിയതോടെ ഗൾഫ് കറൻസികളുടെ വിനിമയ നിരക്കിൽ പുതിയ റെക്കോർഡുകൾ രേഖപ്പെടുത്തി. ബുധനാഴ്ച ഒരു യു.എ.ഇ ദിർഹത്തിന് 24.18 രൂപ എന്ന സർവകാല റെക്കോർഡാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പല എക്സ്ചേഞ്ച് സ്ഥാപനങ്ങളും ബാങ്കുകളും 24 രൂപയ്ക്കു മുകളിലാണ് നിരക്ക് നൽകി വരുന്നത്.
ഒരു കുവൈറ്റ് ദിനാർ 290.10 രൂപയും, സൗദി റിയാൽ 23.80 രൂപയും, ഒമാൻ റിയാൽ 62.65 രൂപയുമായി ഉയർന്നു. പ്രവാസികൾക്ക് ഇത് ഗുണകരമെങ്കിലും, നാട്ടിൽ വിലക്കയറ്റം അടക്കമുള്ള സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന ആശങ്കയാണ് വിദഗ്ധർ ഉയർത്തുന്നത്.
മാസാവസാനം ശമ്പളദിനങ്ങളോട് കൂടി ധനവിനിമയ സ്ഥാപനങ്ങളിൽ തിരക്ക് കൂടാനാണ് സാധ്യത. എങ്കിലും ഇപ്പോൾ വിനിമയ കേന്ദ്രങ്ങളിൽ വലിയ തിരക്ക് രേഖപ്പെടുത്തിയിട്ടില്ല.
സാമ്പത്തിക വിദഗ്ധർ പറയുന്നത് അനുസരിച്ച്, അടുത്ത ആഴ്ചകളിൽ രൂപയുടെ മൂല്യം കൂടുതൽ ഇടിയാൻ സാധ്യതയുണ്ടെന്നാണ്. യു.എസ് കഴിഞ്ഞ ആഴ്ചകളിൽ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തിയത്, ക്രൂഡ് ഓയിൽ വില വർധന, അന്താരാഷ്ട്ര വിപണിയിലെ അനിശ്ചിതത്വം തുടങ്ങിയവയാണ് രൂപയുടെ മൂല്യം കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കുന്നത്.
അതേസമയം, വിദേശത്തുള്ള പ്രവാസികൾക്ക് നാട്ടിലേക്ക് കൂടുതൽ പണം അയയ്ക്കാനുള്ള അവസരമാണിതെന്ന് ധനകാര്യ മേഖല വിലയിരുത്തുന്നു.




