‘ഇന്ത്യ ചർച്ചയ്ക്ക് വരും, ക്ഷമ പറയും’..! ട്രംപിനെ പിന്തുണച്ച് അമേരിക്കൻ വാണിജ്യ സെക്രട്ടറി

വിടുവായത്തരത്തിനും, വെല്ലുവിളിക്കും ലോകം മുഴുവൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രൂക്ഷമായി വിമർശിക്കുമ്പോൾ, ഇന്ത്യ ഉടൻ ചർച്ചയ്ക്ക് വന്ന് വ്യാപാര കരാർ ഉണ്ടാക്കാൻ അദ്ദേഹത്തോട് ക്ഷമാപണം നടത്തേണ്ടി വരുമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയിരിക്കുകയാണ് അമേരിക്കൻ വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ഇതോടെ ട്രംപിനെ പിന്തുണച്ചുകൊണ്ടുള്ള ലുട്നികിന്റെ ഈ വാക്കുകൾ തിരികൊളുത്തിയിരിക്കുന്നത് പുതിയ രാഷ്ട്രീയ വിവാദത്തിന് കൂടിയാണ്.
ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിലാണ് ലുട്നിക് ഈ വിവാദ പ്രസ്താവന നടത്തിയത്. “റഷ്യ-യുക്രെയ്ൻ സംഘർഷത്തിന് മുമ്പ് ഇന്ത്യ റഷ്യയിൽ നിന്ന് 2% എണ്ണ മാത്രമാണ് വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ അത് 40% ആയി ഉയർന്നു. അവർ ചെയ്യുന്നത്, വില കുറഞ്ഞ എണ്ണ വാങ്ങി വലിയ ലാഭം ഉണ്ടാക്കുകയാണ്. അത് തെറ്റാണ്,” ലുട്നിക് വിമർശിച്ചു.
അദ്ദേഹം തുടർന്നു പറഞ്ഞു, “ഒന്നോ രണ്ടോ മാസത്തിനുള്ളിൽ ഇന്ത്യ ചർച്ചയ്ക്ക് വന്ന് ക്ഷമ പറയുകയും ട്രംപുമായി ഒരു വ്യാപാര കരാറിൽ ഏർപ്പെടുകയും ചെയ്യും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള തീരുമാനം ട്രംപിന്റെ മേശപ്പുറത്തായിരിക്കും, അത് ഞങ്ങൾ അദ്ദേഹത്തിന് വിടുന്നു.
ലുട്നിക് ഇന്ത്യയോട് അമേരിക്കൻ ഡോളറിനെ പിന്തുണയ്ക്കാനും, ബ്രിക്സിന്റെ ഭാഗമാകുന്നത് നിർത്താനും, റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. “ഒന്നുകിൽ ഡോളറിനെ പിന്തുണയ്ക്കുക, അമേരിക്കയെ പിന്തുണയ്ക്കുക, നിങ്ങളുടെ ഏറ്റവും വലിയ ഉപഭോക്താവിനെ പിന്തുണയ്ക്കുക – അതായത് അമേരിക്കൻ ഉപഭോക്താവിനെ – അല്ലെങ്കിൽ നിങ്ങൾ 50% തീരുവ നൽകേണ്ടിവരും. ഇത് എത്രത്തോളം നീണ്ടുനിൽക്കുമെന്ന് നമുക്ക് നോക്കാം,” അദ്ദേഹം ഭീഷണി മുഴക്കി.


