Sports

പാകിസ്താനുമായി എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും ഇന്ത്യ അവസാനിപ്പിക്കണം; സൗരവ് ഗാംഗുലി

പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്താനുമായുള്ള എല്ലാ ക്രിക്കറ്റ് ബന്ധങ്ങളും അവസാനിപ്പിക്കാന്‍ ബിസിസിഐ ക്ക് നിര്‍ദേശം നല്‍കി ഇന്ത്യയുടെ ഇതിഹാസ താരം സൗരവ് ഗാംഗുലി. ‘പാകിസ്താന്‍ ടീമുമായുള്ള സഹകരണം 100 ശതമാനവും നിര്‍ത്തലാക്കാനുള്ള സമയമായി. കടുത്ത നടപടികള്‍ എടുക്കണം. എല്ലാ വര്‍ഷവും ഇത്തരം സംഭവങ്ങള്‍ നടക്കുന്നത് ഗൗരവമേറിയ കാര്യമാണ്. ഭീകരതയോട് ഒരു വിട്ടുവീഴ്ചയുടേയും ആവശ്യമില്ല. സൗരവ് ഗാംഗുലി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടു പറഞ്ഞു.

2008 ലെ മുംബൈ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വലിയ രീതിയില്‍ വഷളായിരുന്നു. ഇതിന് ശേഷം ഇന്ത്യ-പാകിസ്താന്‍ ദ്വിരാഷ്ട്ര ക്രിക്കറ്റ് പരമ്പരകള്‍ നടന്നിട്ടില്ല. ഐസിസിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് നിലവില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഈ ടൂര്‍ണമെന്റിലെ മത്സരങ്ങളിലും പാകിസ്താനില്‍ കളിക്കാന്‍ ഇന്ത്യ തയ്യാറായിരുന്നില്ല. ഈ അടുത്ത് പാകിസ്താന്‍ ആതിഥേയത്വം വഹിച്ച ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ ദുബായിലാണ് കളിച്ചിരുന്നത്.

അതേസമയം 2026ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പാണ് ഇനി ഇന്ത്യയും പാകിസ്ഥാനും ഒരുമിച്ച് പങ്കെടുക്കുന്ന പ്രധാന ഐസിസി ടൂര്‍ണമെന്റ്. ഈ വര്‍ഷത്തെ വനിതകളുടെ ഏകദിന ലോകകപ്പും ഇന്ത്യയിലാണ് നടക്കുന്നത്. വനിതാ ലോകകപ്പിന് ഇന്ത്യയിലേക്ക് വരില്ലെന്ന് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു. വനിതാ ലോകകപ്പും ശേഷം വരുന്ന പുരുഷ ടി 20 ലോകകപ്പിലും ഐസിസി എന്ത് നിലപാടാണ് എടുക്കുക എന്നാണ് കണ്ടറിയേണ്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button