National

ബഗ്ലിഹാര്‍ ഡാം ഷട്ടര്‍ താഴ്ത്തി, പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് കുറച്ച് ഇന്ത്യ

ദില്ലി: പെഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍, പാകിസ്ഥാനെതിരെ നടപടി കടുപ്പിക്കുന്നത് തുടര്‍ന്ന് ഇന്ത്യ. പാക് പൌരന്മാരെ തിരിച്ചതിന് പിന്നാലെ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്കും ഇന്ത്യ കുറച്ചിരിക്കുകയാണ്. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്.ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചത്. നേരത്തെ സിന്ധു നദീജല കരാര്‍ മരവിപ്പിക്കാനുള്ള തീരുമാനം ഇന്ത്യ നേരത്തെ എടുത്തിരുന്നു.

അതിനിടെ, ഭീകരവാദത്തിനുള്ള പാക് പിന്തുണയെ ഇന്ത്യ എതിര്‍ക്കുന്നതിനിടെ പാകിസ്ഥാന്‍ പ്രകോപനം തുടരുകയാണ്. നിയന്ത്രണ രേഖയില്‍ എട്ടിടത്ത് പാക് വെടിവെയ്പ് നടന്നു. പാകിസ്ഥാന്റെ പ്രകോപനത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്കി. കഴിഞ്ഞ പത്തു ദിവസത്തിലെ ഏറ്റവും വലിയ പ്രകോപനമാണ് നിയന്ത്രണ രേഖയിലുണ്ടായതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ബന്ധം കൂടുതല്‍ വഷളായ സാഹചര്യത്തില്‍ രാജ്യത്തിന്റെ സുരക്ഷയെ കൂടി കണക്കിലെടുത്ത് പാകിസ്ഥാനില്‍ നിന്നുള്ള ഇറക്കുമതി ഇന്ത്യ തടഞ്ഞിരിക്കുകയാണ്.
പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നതും, പാകിസ്ഥാന്‍ വഴി ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതും ഇന്ത്യ വഴി പാക് ഉല്‍പന്നങ്ങള്‍ മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടു പോകുന്നതും നിരോധിച്ചിട്ടുണ്ട്.

പുല്‍വാമ ആക്രമണത്തിന് ശേഷം പാകിസ്ഥാനില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 200 ശതമാനം ഇറക്കുമതി തീരുവ ചുമത്തിയ ഇന്ത്യ, കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശത്രുരാജ്യത്തിന് കനത്ത പ്രഹരം നല്‍കിയിരുന്നു. പ്രധാനമായും പഴം, സിമന്റ്, പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, ധാതുക്കള്‍ എന്നിവയാണ് പാകിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നത്. 2024 ഏപ്രിലിനും 2025 ജനുവരിക്കും ഇടയില്‍ ഇന്ത്യയിലേക്ക് പാകിസ്ഥാനില്‍ നിന്ന് 4.2 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് ഇറക്കുമതി ചെയ്തത്. ഇതേ കാലയളവില്‍ മുന്‍പ് 28.6 ലക്ഷം ഡോളറിന്റെ ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button