Blog

ഇന്ത്യ ലാഭകൊതിയാൻമാർ, നടത്തുന്നത് വെറും കച്ചവടം ; ഇന്ത്യക്കെതിരെ വീണ്ടും അമേരിക്ക രം​ഗത്ത്

റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതിനെതിരെ യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റ് വീണ്ടും രംഗത്ത്. പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങൾക്കിടയിലും കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ശുദ്ധീകരിച്ച് ഉയർന്ന വിലയ്ക്ക് വിറ്റ് ഇന്ത്യ ലാഭം കൊയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിലാണ് ബെസെന്‍റ് ഇന്ത്യയുടെ നടപടിയെ അസ്വീകാര്യം എന്ന് വിശേഷിപ്പിച്ചത്.

കുറഞ്ഞ വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങി, അത് ഉൽപ്പന്നങ്ങളായി മറിച്ചുവിറ്റ് ഇന്ത്യ നടത്തുന്ന ഈ കച്ചവടം യുദ്ധകാലത്ത് പൊടുന്നനെ ഉണ്ടായതാണ്, ഇത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇത് വെറും ലാഭക്കൊതിയാണ്, അവർ അത് മറിച്ചുവിൽക്കുകയാണ് എന്നാണ് ബെസെന്‍റ് തുറന്നടിച്ചത്. ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ കുടുംബങ്ങളിൽ ചിലർക്ക് റഷ്യൻ അസംസ്കൃത എണ്ണ വാങ്ങുന്നതിലൂടെ പ്രയോജനം ലഭിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

അതേസമയം, താങ്ങാനാവുന്ന വിലയ്ക്ക് റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യയുടെ ദേശീയ താൽപ്പര്യമാണെന്ന് ഇന്ത്യ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് രാജ്യത്തിന്‍റെ വർദ്ധിച്ചുവരുന്ന ഊർജ്ജ ആവശ്യങ്ങൾ നിറവേറ്റാനും ആഗോള വില വർദ്ധനവിൽ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനും സഹായിക്കുന്നുവെന്ന് ഇന്ത്യ വാദിക്കുന്നു. ട്രംപിന്‍റെ താരിഫ് നീക്കത്തിനിടെ ഇന്ത്യ – ചൈന ബന്ധം കൂടുതല്‍ മെച്ചപ്പെടുന്ന സാഹചര്യത്തിലാണ് വീണ്ടും ഭീഷണിയെന്നുള്ളതാണ് ശ്രദ്ധേയം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button