Cinema

വിന്‍സിയുടെ പരാതിയെ ലളിതവത്കരിച്ച സംഭവം; മാലാ പാര്‍വതിക്കെതിരെ രൂക്ഷ വിമര്‍ശനം

കൊച്ചി: ലൈംഗികാതിക്രമ പരാതികള്‍ ലളിതവത്കരിച്ച് സംസാരിച്ചെന്ന് ആരോപിച്ച് നടി മാല പാര്‍വതിക്ക് രൂക്ഷ വിമര്‍ശനം. യൂട്യൂബ് ചാനലില്‍ നല്‍കിയ അഭിമുഖത്തിലെ മാല പാര്‍വതിയുടെ വിവാദ പരാമര്‍ശത്തിനെതിരെയാണ് സ്ത്രീകളടക്കം നിരവധി പേര്‍ രംഗത്തുവന്നത്. മാല പാര്‍വതിയെ ഓര്‍ത്ത് നാണം തോന്നുന്നുവെന്നും അവസരവാദിയാണ് മാല പാര്‍വതിയെന്നും നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. സിനിമാ മേഖലയിലെ സൗഹൃദങ്ങള്‍ തകരാതിരിക്കാനാകാം മാല പാര്‍വതിയുടെ പരാമര്‍ശമെന്ന് ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി പ്രതികരിച്ചു.

സിനിമ സെറ്റില്‍ താന്‍ നേരിട്ട അതിക്രമം കഴിഞ്ഞ ദിവസമാണ് നടി വിന്‍സി അലോഷ്യസ് തുറന്നുപറഞ്ഞത്. ഷൂട്ടിങ്ങിനിടെ വസ്ത്രം ശരിയാക്കാന്‍ പോയപ്പോള്‍ സിനിമയിലെ പ്രധാന നടന്‍ ‘ഞാന്‍ കൂടി വരാം വസ്ത്രം ശരിയാക്കി തരാം’ എന്ന് പറഞ്ഞു എന്നായിരുന്നു വിന്‍സി അലോഷ്യസ് ആരോപിച്ചത്. ഇതിനെ മുന്‍നിര്‍ത്തി ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മാലാ പാര്‍വതിയുടെ വിവാദ പരാമര്‍ശം. ‘ബ്ലൗസ് ഒന്നുശരിയാക്കാന്‍ പോകുമ്പോള്‍ ഞാന്‍ കൂടി വരട്ടെയെന്ന് ചോദിച്ചാല്‍ ഭയങ്കര സ്‌ട്രെസായി, എല്ലാം അങ്ങ് തകര്‍ന്നുപോയി. അങ്ങനെയൊക്കെ എന്താ? പോടാ എന്ന് പറഞ്ഞാപോരെ.. ഇതൊക്കെ വലിയ വിഷമായി മനസില്‍ കൊണ്ടുനടക്കേണ്ട കാര്യമുണ്ടോ?’ എന്നായിരുന്നു മാല പാര്‍വതിയുടെ പരാമര്‍ശം. മാല പാര്‍വതി സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെ തീര്‍ത്തും ലളിതവത്കരിച്ചു എന്നാണ് പരക്കെയുള്ള വിമര്‍ശനം.

അവസരവാദിയായ മാല പാര്‍വതിയെ ഓര്‍ത്ത് നാണക്കേട് തോന്നുന്നുവെന്ന് നടി രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു. മാലാ പാര്‍വതിക്ക് പലതും തമാശയാകാമെന്നും എന്നാല്‍ മറ്റുള്ളവര്‍ക്ക് അതങ്ങനെയാവണമെന്നില്ലെന്നും ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തി. സിനിമാ മേഖലയിലെ സൗഹൃദങ്ങള്‍ തകരാതിരിക്കാനാകാം മാല പാര്‍വതി പറയാന്‍ പാടില്ലാത്തത് പറഞ്ഞതെന്നും ഭാഗ്യലക്ഷ്മി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സിനിമാ മേഖലയ്ക്ക് പുറത്തുനിന്നുള്ളവരും മാലാ പാര്‍വതിക്കെതിരെ വിമര്‍ശനവുമായി രംഗത്തുവന്നു. സമൂഹമാധ്യമ പേജുകളിലും മാല പാര്‍വതിയുടെ യൂട്യുബ് അഭിമുഖത്തിന് താഴെയുമെല്ലാം വിമര്‍ശനങ്ങള്‍ വന്ന് നിറയുന്നുണ്ട്. കഴിഞ്ഞ ദിവസം ഷൈന്‍ ടോം ചാക്കോയെ വെള്ളപൂശിയെന്ന ആരോപണത്തില്‍ മാല പാര്‍വതി ക്ഷമ ചോദിച്ചിരുന്നു. ഷൈനിനെ താന്‍ വെള്ളപൂശിയിട്ടില്ലെന്ന് പറഞ്ഞ മാല പാര്‍വതി, ഷൈന്റെ സിനിമ സെറ്റിലെ പെരുമാറ്റത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി നല്‍കുക മാത്രമാണ് ചെയ്തതെന്നും വിശദീകരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button