Kerala

പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവം; പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു

വഴിക്കടവിലെ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് പതിനഞ്ചുകാരൻ മരിച്ച സംഭവത്തിൽ പ്രതി വിനീഷിനെതിരെ വനം വകുപ്പും കേസെടുത്തു. മൃഗ വേട്ട നടത്തിയതിനാണ് കേസെടുത്തത്. ഇയാൾക്കെതിരെ മൂന്നുവർഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകൾ ചേർത്തു. വനം വകുപ്പ് പ്രത്യേകം കസ്റ്റഡി അപേക്ഷ നൽകും.

ഇതിനിടെ വഴിക്കടവ് ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് എൽ ഡി എഫും കെ എസ് ഇ ബി ഓഫീസിലേക്ക് യു ഡി എഫും പ്രതിഷേധ മാർച്ച് സംഘടിപ്പിക്കും. രാവിലെ 10 മണിക്കാണ് ഇരു മാർച്ചുകളും നടക്കുക. മരിച്ച അനന്തുവിന്റെ വീട് ഇന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിക്കും. പന്നികളെ പിടികൂടുന്നതിൽ യുഡിഎഫ് ഭരിക്കുന്ന വഴിക്കടവ് പഞ്ചായത്തിന് വീഴ്ചയുണ്ടെന്നാണ് എൽഡിഎഫ് ആരോപണം. 15 കാരൻ ഷോക്കേറ്റ് മരിച്ചതിൽ കെഎസ്ഇബിയ്ക്ക് അനാസ്ഥയുണ്ടെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.

വഴിക്കടവ് വള്ളക്കൊടിയിലാണ് കഴിഞ്ഞ ദിവസമാണ് ദാരുണമായ അപകടം ഉണ്ടായത്. വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയതായിരുന്നു. മൃഗവേട്ടക്കാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. അഞ്ച് പേരുടെ സംഘമാണ് അപകടത്തിൽപെട്ടത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button