Kerala

സിപിഐഎം നേതാക്കളുടെ മക്കളെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷനും സ്ഥലംമാറ്റവും

മലപ്പുറം: എരമംഗലം പുഴക്കരയിലെ പൊലീസ് അതിക്രമത്തില്‍ ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. ഇത് കൂടാതെ ഒരു പൊലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു.

പെരുമ്പടപ്പ് പൊലീസിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സാന്‍ സോമന്‍, സിവില്‍ പൊലീസ് ഓഫിസര്‍ യു ഉമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സിവില്‍ പൊലീസ് ഓഫിസര്‍ ജെ ജോജോയെ കോട്ടയ്ക്കലിലേക്ക് സ്ഥലം മാറ്റി. സംഭവത്തില്‍ സിപിഐഎം നേതൃത്വം പൊലീസുകാര്‍ക്കെതിരെ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കിയിരുന്നു.

ഉത്സവത്തിനിടെ ഉണ്ടായ സംഭവത്തിന്റെ പേരിലായിരുന്നു പൊലീസ് നരനായാട്ടെന്ന് സിപിഐഎം ആരോപിക്കുന്നത്. സിപിഐഎം നേതാക്കളുടെ മക്കളായ വിദ്യാര്‍ത്ഥികളെ വീട്ടില്‍ക്കയറി വലിച്ചിറക്കി കൊണ്ട് പോയി പൊലീസ് ക്രൂരമായി മര്‍ദിച്ചു എന്നാണ് ആരോപണം. ലാത്തികൊണ്ട് പല്ല് അടിച്ചു തകര്‍ത്തുവെന്നും, പുറത്തും നെഞ്ചിലും അടിച്ചു പരിക്കേല്‍പ്പിച്ചുവെന്നും, സ്വകാര്യ ഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ചുവെന്നുമുള്ള ഗുരുതര ആരോപണങ്ങളാണ് പൊലീസിനെതിരെ ഉയര്‍ന്നുവന്നത്.

കാറില്‍ കൊണ്ടുപോയി ആളൊഴിഞ്ഞ പറമ്പില്‍ വെച്ചായിരുന്നു മര്‍ദ്ദനം. പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടാത്തതിലായിരുന്നു പൊലീസിന്റെ നടപടി. എന്നാല്‍ യഥാര്‍ത്ഥ പ്രതിയെ കിട്ടിയതോടെ ഇവരെ പൊലീസ് വിട്ടയക്കുകയായിരുന്നു. എന്നാല്‍ ഉത്സവത്തിനിടെ യുവാക്കള്‍ തങ്ങളെയാണ് ആക്രമിച്ചതെന്നാണ് പെരുമ്പടപ്പ് പൊലീസ് പറയുന്നത്. വിദ്യാര്‍ത്ഥികളെ മര്‍ദിച്ചിട്ടില്ല എന്നും രാവിലെ തന്നെ വിട്ടയച്ചെന്നും പൊലീസ് വിശദീകരിച്ചിരുന്നു. സംഭവത്തില്‍ സിപിഐഎം പൊലീസിനെതിരെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഇതോടെ പൊലീസുകാര്‍ക്കെതിരെ നടപടി വരികയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button