Politics

കണ്ണൂരില്‍ സുധാകരനെ പിന്തുണച്ച് ഫ്ളക്സ് ബോര്‍ഡുകളും പോസ്റ്ററുകളും

കണ്ണൂര്‍: കെപിസിസി അധ്യക്ഷനായി കെ സുധാകരന്‍ എംപി തുടരണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ നഗരത്തില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. കെഎസ് തുടരണമെന്ന വാചകത്തോടെയാണ് സുധാകരന്റെ തട്ടകമായ കണ്ണൂര്‍ നഗരത്തില്‍ ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്.

‘പ്രതിസന്ധികളെ ഊര്‍ജമാക്കിയ നേതാവ്’, ‘താരാട്ട് കേട്ട് വളര്‍ന്നവന്‍ അല്ല’ എന്നെല്ലാമാണ് പോസ്റ്ററുകളിലുള്ളത്. കോണ്‍ഗ്രസ് പടയാളികള്‍ എന്ന പേരിലാണ് ഫ്ലെക്സ് ബോര്‍ഡുകളും പോസ്റ്ററുകളും സ്ഥാപിച്ചിട്ടുള്ളത്. സുധാകരന്റെ തട്ടകമായ കണ്ണൂരില്‍ കെ.പി.സി.സി അദ്ധ്യക്ഷപദവിയില്‍ നിന്നും അദ്ദേഹത്തെ മാറ്റുന്നതില്‍ പ്രതിഷേധം ശക്തമാണ്. ഡി.സി.സി ഭാരവാഹികള്‍ ഉള്‍പ്പെടെ പ്രതിഷേധവുമായി രംഗത്തുവന്നിട്ടുണ്ട്. അണികള്‍ കെ.എസ് എന്നു വിളിക്കുന്ന സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടത്തിയതിലൂടെ എതിര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് കണ്ണൂരിലെ പ്രവര്‍ത്തകര്‍ നല്‍കിയിട്ടുള്ളത്. നേരത്തെ പാലക്കാടും സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രചരണം നടന്നിരുന്നു. പാല, ഈരാറ്റുപേട്ട, പൂഞ്ഞാര്‍ പ്രദേശങ്ങളിലും ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ന്നിട്ടുണ്ട്.

കെ സുധാകരന്‍ കെപിസിസി പ്രസിഡന്റായി തുടരണമെന്ന് സേവ് കോണ്‍ഗ്രസ് രക്ഷാസമിതിയുടെ പേരിലുള്ള ബോര്‍ഡുകളില്‍ പറയുന്നു. പിണറായിയെ താഴെയിറക്കി യുഡിഎഫിനെ അധികാരത്തില്‍ കൊണ്ടുവരാന്‍ നട്ടെല്ലുള്ള നായകനാണ് കെ സുധാകരനെന്നും പാലക്കാട് സ്ഥാപിച്ച ബോര്‍ഡിലുണ്ട്. ആന്റോ ആന്റണിയുടെ രാഷ്ട്രീയ തട്ടകത്തിലും സുധാകരന് അനുകൂലമായി ബോര്‍ഡുകളും പോസ്റ്ററുകളും വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button